ബെംഗളൂരു: കർണാടകയിലെ ഹാസനിൽ അജ്ഞാതർ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നൽകി കൊന്നു. ഹാസൻ ജില്ലയിലെ ചൗഡനഹള്ളി ഗ്രാമത്തിലാണ് 30 കുരങ്ങുകളെ വിഷം കഴിച്ച് ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം നൽകിയതിന് പുറമെ കുരങ്ങുകളെ ചാക്കിൽ കെട്ടി വടികൊണ്ട് ക്രൂരമായി അടിച്ചിട്ടുമുണ്ട്.
മുറിവേറ്റാണ് കൂടുതൽ കുരങ്ങുകളും ചത്തത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കുരങ്ങുകളുടെ ജഡം ചൗഡനഹള്ളി റോഡിൽ കണ്ടെത്തിയത്. 15ലധികം ചാക്കുകളിലായി 50ലധികം കുരങ്ങുകളാണ് പ്രദേശത്ത് കൊണ്ടുവന്നിട്ടത്. ചാക്കിന് സമീപം കുരങ്ങ് ഇരിക്കുന്നത് കണ്ട ഗ്രാമ പഞ്ചായത്ത് അംഗം മറ്റുള്ളവരെ വിവരം അറിയിച്ച് ചാക്കുകൾ അഴിച്ചുനോക്കിയപ്പോഴാണ് കുരങ്ങുകളെ ചത്ത നിലയിൽ കണ്ടത്.
also read:അമ്പെയ്‌ത്തില്‍ മെഡല്‍ പ്രതീക്ഷയുമായി ദീപിക കുമാരി ക്വാർട്ടറില്‍
ചാക്കുകൾ തുറന്ന സമയത്ത് 15ലധികം കുരങ്ങുകൾ രക്ഷപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000രൂപ പാരിതോഷികം അഖില കർണാടക പ്രാണി ദയ സംഘ സെക്രട്ടറി സുനിൽ ദുഗരെ പ്രഖ്യാപിച്ചു.