ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഇതുവരെ 17.02 കോടി വാക്സിനുകള്‍ സൗജന്യമായി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ 36 ലക്ഷം വാക്സിന്‍ കൂടി എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാവിലെ 8 മണിവരയുള്ള കണക്കുകള്‍ പ്രകാരം 17,02,42,410 കൊവിഡ് വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി സൗജന്യമായി നല്‍കിയത്. 94,47,614 ലക്ഷം കൊവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം വാക്സിനുകള്‍ വിതരണം ചെയ്തത്. തൊട്ടുപിന്നിൽ ഉത്തർപ്രദേശും രാജസ്ഥാനും ആണ്. വാക്‌സിൻ വേസ്റ്റേജ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലക്ഷദ്വീപിലാണ്(9.76 ശതമാനം). കൂടാതെ തമിഴ്‌നാട് 8.83 ശതമാനം, അസം 7.70 ശതമാനം, മണിപ്പൂർ 7.44 ശതമാനം, ഹരിയാന 5.72 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.