ലോസ് ഏഞ്ചൽസ്: ഓസ്‌കറിന് അർഹതയുള്ള സിനിമകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും 'ആർആർആർ', 'ഗംഗുബായ് കത്യവാഡി', 'ദ കശ്‌മീർ ഫയൽസ്', 'കാന്താര' എന്നീ ചിത്രങ്ങളും. അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസ് പുറത്തിറക്കിയ 301 ഫീച്ചർ ഫിലിമുകളുടെ പട്ടികയിലാണ് ഇന്ത്യന്‍ സിനിമകളും ഇടം നേടിയത്. എന്നാൽ ലിസ്‌റ്റിൽ ഉൾപ്പെട്ടതുകൊണ്ടുമാത്രം ജനുവരി 24 ന് പ്രഖ്യാപിക്കുന്ന അക്കാദമി അവാർഡുകളുടെ അന്തിമ നോമിനേഷനിൽ ചിത്രങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പുപറയാനാകില്ല.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായ പാൻ നളിന്‍റെ 'ഛെല്ലോ ഷോ' യും മറാത്തി സിനിമകളായ 'മേ വസന്തറാവു', 'തുജ്യ സതി കഹി ഹി', ആർ മാധവന്‍റെ 'റോക്കട്രി: ദി നമ്പി ഇഫക്‌റ്റ്', 'ഇരവിൻ നിഴൽ', കന്നഡ ചിത്രം 'വിക്രാന്ത് റോണ' എന്നിവയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 10 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ ഏറ്റുമുട്ടുക.
ALSO READ: ആര്‍ആര്‍ആര്‍ ഗാനം (നാട്ടു നാട്ടു) ഉള്‍പ്പടെ ഒസ്‌കര്‍ ചുരുക്ക പട്ടികയില്‍ 4 ഇന്ത്യന്‍ സിനിമകള്‍
'ഛെല്ലോ ഷോ' മികച്ച അന്താരാഷ്‌ട്ര ചലച്ചിത്ര വിഭാഗത്തിലും 'ആർആർആർ' ലെ 'നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഒറിജിനൽ ഗാനവിഭാഗത്തിലും ഇടം നേടി. 'ഓൾ ദാറ്റ് ബ്രീത്ത്' ഡോക്യുമെന്‍ററി ഫീച്ചർ ഷോർട്ട്‌ലിസ്റ്റിലും 'ദി എലിഫന്‍റ് വിസ്‌പറേഴ്‌സ്' ഡോക്യുമെന്‍ററി ഹ്രസ്വ വിഭാഗത്തിലും ഉൾപ്പെട്ടിട്ടുണ്ട്. ഇതാദ്യമായാണ് നോമിനേഷനുകൾക്ക് മുൻപ് തന്നെ ഇന്ത്യ നാല് ഓസ്‌കർ ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നത്.