ചണ്ഡീഗഡ്: ഇന്ത്യൻ സ്ഥാപനമായ മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ നിർമാണം നിർത്തിവയ്‌ക്കാൻ ഹരിയാന സർക്കാർ ഉത്തരവ്. ഫാർമ യൂണിറ്റിലെ വിവിധ നിയമലംഘനങ്ങളെ തുടർന്നാണ് നടപടിയെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു.
ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികള്‍ വൃക്ക സംബന്ധമായ രോഗം ബാധിച്ച് മരിച്ച സംഭവത്തില്‍ മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് കഫ് സിറപ്പുകള്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സിഡിഎസ്‌സിഒ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും സംയുക്ത സംഘം യൂണിറ്റ് പരിശോധിച്ചതിൽ 12 പോരായ്‌മകൾ കണ്ടെത്തിയത് കണക്കിലെടുത്താണ് ഈ യൂണിറ്റിലെ മരുന്ന് ഉത്‌പാദനം നിർത്തിവയ്‌ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.
മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് കഫ് സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്‍റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും വിജ് വ്യക്തമാക്കി. കൊൽക്കത്തയിൽ നിന്നും റിപ്പോർട്ട് വന്നാൽ അതിൽ പറയുന്ന കാര്യങ്ങൾ അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.