ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ രാജ്യസഭയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. 2022-23ലെ ബജറ്റിൽ ഭൂരിപക്ഷം വരുന്ന ദരിദ്രരെ സർക്കാർ ഒഴിവാക്കിയെന്നും രാജ്യത്ത് ധാരാളം ആളുകൾക്ക് തൊഴിൽ നൽകുന്ന കാർഷിക മേഖലയെ വേണ്ടത്ര പരിഗണിച്ചില്ലെന്നും കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചയുടെ രണ്ടാം ദിവസം പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
'ബജറ്റ് പരാജയം': ബിനോയ് വിശ്വം
നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്, ടാറ്റ, ബിർള, അംബാനി, അദാനി തുടങ്ങിയ വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് സിപിഐ അംഗം നേതാവ് ബിനോയ് വിശ്വം ആരോപിച്ചു. വിഹിതം വെട്ടിക്കുറയ്ക്കുകയും സബ്‌സിഡികൾ കുറയ്ക്കുകയും ചെയ്‌തതിനാൽ സ്ത്രീകൾ, കർഷകർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് സഹായം നൽകാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല.
ഈ ബജറ്റ് പാവപ്പെട്ടവർക്കുള്ളതല്ല, മറിച്ച് ഉയർന്ന സമ്പന്നർക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ പേരിൽ വിനാശകരമായ നയങ്ങൾ ആരംഭിച്ചതിനാൽ കോൺഗ്രസ് പാർട്ടിയോട് സിപിഐക്ക് കടുത്ത അമർഷം ഉണ്ടെങ്കിലും കൂടുതൽ നാശം വരുത്തുന്നത് ബിജെപി ആണെന്നും അദ്ദേഹം ആരോപിച്ചു.
'ബജറ്റ് കർഷകരെ അകറ്റിനിർത്തുന്നത്': കെ.ആർ സുരേഷ് റെഡ്ഡി
ഭക്ഷ്യ സബ്‌സിഡികൾ വെട്ടിക്കുറച്ചതും കാർഷിക ഗവേഷണത്തിനായി തുച്ഛമായ തുക നീക്കിവച്ചതും അപലപിച്ച തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാവ് കെ.ആർ സുരേഷ് റെഡ്ഡി, ഈ പുരോഗമന ബജറ്റ് ഭൂരിപക്ഷം പാവപ്പെട്ട ജനങ്ങളെയും അകറ്റി നിർത്തിയെന്നും പറഞ്ഞു. 90 മിനിറ്റ് ദൈർഘ്യമുള്ള ബജറ്റ് അവതരണം 90 കോടി ഇന്ത്യക്കാരെ ബജറ്റിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള വർഷമായിരുന്നു 2022. എന്നാൽ കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണത്തിനായി കേന്ദ്രം 10,000 കോടി രൂപ കുറക്കുകയാണ് ചെയ്‌തത്. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണ നയം അവ്യക്തമാണ്.
കർഷകർ ഡിസംബറിൽ വിളകൾ വിതയ്ക്കുമ്പോൾ, മാർച്ചിൽ തന്നെ സംഭരണ പദ്ധതി വെളിപ്പെടുത്തുമെന്ന് അവർക്ക് ഉറപ്പ് നൽകണം. വിളകൾ വളർത്തുന്നത് 'സ്വിഗ്ഗി' സേവനമല്ലെന്നും കർഷകർക്ക് അതിന് സമയം വേണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിൽ നിന്നും പുറന്തള്ളപ്പെടുന്ന 'കാർബൺ' മൂലം സമ്പദ്‌വ്യവസ്ഥയുടെ 'ആവാസവ്യവസ്ഥ' തന്നെ തകർന്നിരിക്കുന്നുവെന്നും റെഡ്ഡി പരിഹസിച്ചു.
'ബജറ്റ് വൻകിട കമ്പനികൾക്ക് വേണ്ടി മാത്രം': ഡിഎംകെ നേതാവ്
രാജ്യം നിലവിൽ അഭിമുഖീകരിക്കുന്ന അസമത്വം പരിഹരിക്കുന്നതിനെ കുറിച്ച് ബജറ്റിൽ പരാമർശിക്കുന്നില്ലെന്ന് ഡിഎംകെ നേതാവ് എം മുഹമ്മദ് അബ്‌ദുള്ള ചൂണ്ടിക്കാട്ടി. കൂടാതെ തൊഴിലില്ലായ്മ, കൃഷിയെയും അസംഘടിത മേഖലയെയും ബാധിക്കുന്ന പ്രതിസന്ധി എന്നീ രാജ്യത്തെ രണ്ട് പ്രധാന പ്രശ്‌നങ്ങളിൽ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.
ബജറ്റിൽ നിന്ന് ചില ശതകോടീശ്വരന്മാരും വൻകിട കമ്പനികളും മാത്രമാണ് പ്രയോജനം നേടുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു, ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. കോർപ്പറേറ്റുകൾക്ക് സർക്കാർ മതിയായ നികുതി നൽകണമെന്നും ഈ കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക സുരക്ഷയ്ക്കായി പണം സമാഹരിക്കണമെന്നും ഡിഎംകെ നേതാവ് നിർദേശിച്ചു.