പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജൂൺ 12ന് പട്‌നയിൽ നടത്താനിരുന്ന പ്രതിപക്ഷ യോഗം മാറ്റിവച്ചേക്കുമെന്ന് സൂചന. പുതുക്കിയ തിയതി ജൂണ്‍ 23 ആണെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു വേദിയിൽ കൊണ്ടുവരാനായിരുന്നു നിതീഷിന്‍റെ പദ്ധതി. എന്നാല്‍, നിലവില്‍ പ്രതീക്ഷിച്ച രീതിയിൽ യോഗം നടക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
കോൺഗ്രസ് ഉൾപ്പെടെയുള്ള ചില പാര്‍ട്ടികളിലെ നേതാക്കളിൽ നിന്ന് യോഗത്തില്‍ എത്തുന്നത് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചേക്കുക. പട്‌നയിലെ ഗ്യാൻ ഭവനിൽ ജൂൺ 12ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു യോഗം നേരത്തേ തീരുമാനിച്ചിരുന്നത്. നിതീഷ് കുമാറിന്‍റെ പാര്‍ട്ടിയായ ജനതാദൾ യുണൈറ്റഡിലെ (ജെഡിയു) നേതാക്കളും യോഗത്തെ സംബന്ധിച്ച് മൗനത്തിലാണ്.
രാജ്യത്തെ ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ ക്ഷണക്കത്ത് അയക്കുകയും ഈ പാര്‍ട്ടികളിലെ നേതാക്കളോട് സംസാരിക്കുകയും ചെയ്‌തിരുന്നു. പ്രതിപക്ഷ പാർട്ടികള്‍ യോഗത്തിൽ പങ്കെടുക്കുമെന്നും ബിജെപിക്കെതിരായുള്ള സന്ദേശം രാജ്യത്താകെ ഉയര്‍ത്തിപ്പിടിക്കുമെന്നും ജെഡിയു നേതാക്കൾ നേരത്തേ അവകാശപ്പെട്ടതും ശ്രദ്ധേയമായിരുന്നു.
'ഓര്‍ഡിനന്‍സ്' തിരക്കില്‍ കെജ്‌രിവാള്‍, എഎപിയും ഉണ്ടാവില്ല: കോൺഗ്രസ് നേതാക്കൾക്ക് പുറമെ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളും യോഗത്തില്‍ പങ്കെടുത്തേക്കില്ല. കേന്ദ്ര സർക്കാർ ഡല്‍ഹിക്കെതിരെ കൊണ്ടുവന്ന ഓർഡിനൻസിനെതിരായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളോട് പിന്തുണ തേടുന്ന തിരക്കിലാണ് കെജ്‌രിവാള്‍. എഎപി കോൺഗ്രസിന്‍റെ പിന്തുണ തേടിയിട്ടുണ്ടെങ്കിലും ഐക്യദാര്‍ഢ്യം നൽകാൻ ആ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. ഇത്തരമൊരു സാഹചര്യം കൂടി നിലനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് കെജ്‌രിവാൾ വരാനുള്ള സാധ്യതയില്ലെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു.
ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല. ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളുടെയും വലിയ നേതാക്കൾ പങ്കെടുക്കാതിരുന്നാൽ യോഗത്തിന്‍റെ ഉദ്ദേശം നടക്കില്ലെന്നത് വ്യക്തമാണ്. ഇതെല്ലാം പരിഗണിച്ചാണ് നിതീഷ് കുമാർ തത്‌കാലം യോഗം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് നേതാക്കളുമായി സംസാരിച്ച് അടുത്ത തിയതി ഉടൻ തീരുമാനിക്കുമെന്നും വിവരമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ജൂൺ 12ന് തീരുമാനിച്ച യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അറിയിക്കുകയും തിയതി നീട്ടാൻ അഭ്യർത്ഥിക്കുകയും ചെയ്‌തു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷ ഐക്യത്തിനായുള്ള സജീവ പ്രചാരണത്തിലായിരുന്നു. പല സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായും പ്രതിപക്ഷ പാർട്ടികളുടെ മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, എൻസിപി നേതാവ് ശരദ് പവാർ, ഉദ്ധവ് താക്കറെ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എന്നിവരുമായാണ് നിതീഷ് കൂടിക്കാഴ്‌ച നടത്തിയത്. ഇതോടൊപ്പം സംയുക്ത യോഗത്തിലേക്കുള്ള ക്ഷണക്കത്തുകളും അയച്ചിരുന്നു.