ഫത്തേഹാബാദ് (ഹരിയാന): ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ ബിജെപിക്കെതിരെ അരയും തലയും മുറുക്കി പ്രതിപക്ഷ പാർട്ടികൾ. ഹരിയാനയിലെ ഫത്തേഹാബാദിൽ ഇന്ത്യൻ നാഷണൽ ലോക്‌ദൾ സംഘടിപ്പിച്ച റാലിയിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രധാന നേതാക്കൾ ഒരേ വേദിയിൽ എത്തിയിരുന്നു. മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്‍റെ 109-ാം ജന്മവാർഷികമായിരുന്നു റാലിക്കായി തെരഞ്ഞെടുത്തതെങ്കിലും നേതാക്കൾ ലക്ഷ്യം വച്ചത് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പായിരുന്നു.
പ്രതിപക്ഷ ഐക്യം vs മോദി സർക്കാർ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ശിവസേന എംപി അരവിന്ദ് സാവന്ത്, ഇന്ത്യൻ നാഷണൽ ലോക്‌ദൾ പ്രസിഡന്‍റ് ഓം പ്രകാശ് ചൗട്ടാല, ജെഡിയു ജനറൽ സെക്രട്ടറി കെ.സി ത്യാഗി, ത്രിപുര ഐപിഎഫ്‌ടി പാർട്ടി നേതാവ് മേവാർ കുമാർ ജമാതിയ എന്നീ നേതാക്കളായിരുന്നു റാലിയിൽ പങ്കെടുത്തത്.
എന്നാൽ ഐഎൻഎൽഡി ക്ഷണിച്ച റാലിയിൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള എത്തിയിരുന്നില്ല. തെലങ്കാന മുഖ്യമന്ത്രി കെസിആർ, മുൻ യുപി മുഖ്യമന്ത്രി മുലായം സിങ് യാദവ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡിഎംകെ നേതാക്കൾ എന്നിവർക്കും ക്ഷണമുണ്ടായിരുന്നെങ്കിലും റാലിയിൽ എത്തിയിരുന്നില്ല. ബിജെപിക്കെതിരെ ഹരിയാനയുടെ മണ്ണിൽ രൂപംകൊണ്ട ഈ പ്രതിപക്ഷ ഐക്യത്തിന് 2024ഓടെ എന്തുസംഭവിക്കുമെന്നത് കാത്തിരുന്നുതന്നെ കാണേണ്ടതാണ്.
'മൂന്നാം മുന്നണിയില്ല, പ്രധാന മുന്നണി': 2024ൽ ബിജെപിയെ രാജ്യത്ത് നിന്നും ഇല്ലാതാക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ഒന്നിക്കണം. ഇത് മൂന്നാം മുന്നണിയായിരിക്കില്ല, ഒറ്റ പ്രതിപക്ഷ മുന്നണി ആയിരിക്കുമെന്നും ബിജെപിക്കെതിരെ ബിഹാറിൽ മഹാസഖ്യ സർക്കാരുണ്ടാക്കിയ നിതീഷ് കുമാർ റാലിയിൽ പറഞ്ഞു. മഹാസഖ്യ സർക്കാരുണ്ടാക്കാൻ ബിഹാറിൽ രൂപീകരിച്ച സഖ്യം ദേശീയതലത്തിൽ വ്യാപിപ്പിക്കുകയാണ് നിതീഷിന്‍റെ ലക്ഷ്യം.
'നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ പാർട്ടി': ബിജെപിയും ആർഎസ്എസും മാത്രം രാജ്യത്ത് അവശേഷിക്കണമെന്ന് ആഗ്രഹിക്കുന്ന കേന്ദ്രം ഭരിക്കുന്ന സർക്കാരിനുള്ള തിരിച്ചടിയായിരുന്നു കർഷക സമരം. കാർഷിക നിയമങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളിൽ ബിജെപി സർക്കാർ നിശബ്‌ദത പാലിക്കുകയാണ്. അഗ്നിവീറിലൂടെ സർക്കാർ യുവാക്കളെ വഞ്ചിച്ചു. നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ പാർട്ടിയാണ് ബിജെപി. 2024ൽ രാജ്യത്തെ വർഗീയ ശക്തികളെ പിഴുതെറിയണമെങ്കിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.
'ജനങ്ങൾ കേരളത്തെ മാതൃകയാക്കണം': നിലവിലെ ബിജെപി ഭരണത്തിൽ സമ്പന്നർ അതിസമ്പന്നരും ദരിദ്രർ അതിദരിദ്രരും ആവുകയാണ്. ചില ഉന്നത വ്യവസായികൾക്ക് ഒപ്പം മാത്രമാണ് സർക്കാർ. രാജ്യത്തെ മതത്തിന്‍റെ പേരിൽ വിഭജിക്കുകയാണ് ബിജെപിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഒരു ബിജെപി എംപിയും എംഎൽഎയും ഉണ്ടാകില്ലെന്ന് കേരളത്തിലെ ജനങ്ങളെ പോലെ രാജ്യത്തെ ജനങ്ങളും തീരുമാനമെടുക്കേണ്ട സമയമാണിപ്പോൾ. 2024ഓടെ രാജ്യത്ത് നിന്നും ബിജെപിയെ തുടച്ചുനീക്കണമെന്നും യെച്ചൂരി പറഞ്ഞു. ഇതൊരു പുതിയ സഖ്യത്തിനുള്ള സമയമാണെന്നും എല്ലാവരും ബിജെപിക്കെതിരെ ഒന്നിച്ച് നിൽക്കണമെന്നും ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ ആഹ്വാനം ചെയ്‌തു.
കർഷകരെ വഞ്ചിച്ച് സർക്കാർ: റാലിയിൽ കർഷക വിരുദ്ധ നയങ്ങളിൽ ബിജെപിയെ രൂക്ഷമായി വിമർശിക്കാൻ പ്രതിപക്ഷ നേതാക്കൾ മറന്നില്ല. ബിജെപി സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് മുൻ കൃഷിമന്ത്രിയും എൻസിപി അധ്യക്ഷനുമായ ശരദ് പവാർ പറഞ്ഞു. കർഷകർ സന്തുഷ്‌ടരായിരിക്കുമ്പോൾ മാത്രമേ രാജ്യം സന്തോഷിക്കുകയുള്ളൂ. എന്നാൽ നിലവിലെ സർക്കാർ കർഷകർക്ക് വേണ്ടി നല്ലതൊന്നും ചെയ്‌തിട്ടില്ല എന്ന് ഓം പ്രകാശ് ചൗട്ടാല പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. എന്തിന്, വിളകൾക്ക് താങ്ങുവില പോലും ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 2024ൽ കേന്ദ്രത്തിൽ മാത്രമല്ല, ഹരിയാനയിലും സർക്കാർ മാറുമെന്ന് ചൗട്ടാല പറഞ്ഞു.
പ്രതിപക്ഷ ഐക്യം വാഴുമോ?: ബിജെപിക്കെതിരെ ഐക്യമുന്നണി സന്ദേശം നൽകിയെങ്കിലും ഈ ഐക്യം ബിജെപിക്കെതിരെ ഫലപ്രദമാകുമോ എന്ന ചോദ്യം മുഴച്ചുനിൽക്കുകയാണ്. മുൻകാലങ്ങളിൽ ഇത്തരം മുന്നണികൾക്കുണ്ടായ തകർച്ച ഉദാഹരണമായി മുന്നിലുണ്ട്. പ്രതിപക്ഷം ഒന്നിച്ച് സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെടുമ്പോൾ, മറുവശത്ത് ഇത്തരം കൂട്ടുകക്ഷി സർക്കാരുകൾ രാജ്യത്തിന്‍റെ വികസനത്തിന് ഹാനികരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. കഴിഞ്ഞ എട്ട് വർഷമായി രാജ്യത്ത് സുസ്ഥിരമായുള്ള ഒരു സർക്കാരുള്ളതിനാൽ ഇന്ന് ഇന്ത്യയുടെ വിശ്വാസ്യത ലോകമെമ്പാടും ശക്തിപ്പെട്ടിരിക്കുകയാണെന്ന് ശനിയാഴ്‌ച ഹിമാചൽ പ്രദേശിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞിരുന്നു.
ബിജെപിക്കെതിരായ രാഷ്‌ട്രീയ യുദ്ധത്തിനായി കഴിഞ്ഞ ദിവസം ഹരിയാനയുടെ മണ്ണിൽ ഒന്നിച്ച പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി തുടരാൻ സാധിച്ചാൽ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശകരമായ ഒന്നായി മാറുമെന്നതിൽ തർക്കമില്ല.