നാഗ്പൂര്‍: വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. പ്രതിപക്ഷം ആസൂത്രണം ചെയ്ത രാഷ്ട്രീയ തന്ത്രങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കും. മോദിയുടെ ഭരണം ജനഹൃദയങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയിലെ വസതിയിൽ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഫഡ്നാവിസ് ഈ പ്രസ്താവന ഉന്നയിച്ചത്. 2022 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്ന് വിവിധ കേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നു.
ആരുതമ്മില് കൂടിക്കാഴ്ച നടത്തി എന്നതില്‍ പ്രാധാന്യമൊന്നുമില്ല.ഏതു തന്ത്രം ആസൂത്രണം ചെയ്താലും ഒറ്റ കാര്യം മാത്രമേ പറയാൻ താന്‍ ആഗ്രഹിക്കുന്നുള്ളൂ. മോദി ഇന്ന് ഇവിടെയുണ്ട്. 2024 ലും അങ്ങനെത്തനെ ആയിരിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. വിവിധ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയുമെങ്കിലും 2024 ൽ മോദിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ വീണ്ടും രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായ ഫഡ്നാവിസ് മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിച്ചു.
ALSO READ: തമിഴ്നാട്ടിലെത്തിയത് 4000മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജൻ