ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കണമെന്ന് രാഹുല്‍ ഗാന്ധി. കൊവിഡ് വാക്സിന്‍ വിതരണത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കണം. ഒപ്പം വാക്സിന്‍ കയറ്റുമതി അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും വാക്സിന്‍ ക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വന്‍ തോതിലുള്ള വാക്സിന്‍ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആറ് കോടിയിലധികം കൊവിഡ് വാക്സിന്‍ ഡോസുകള്‍ കയറ്റി അയച്ച് കഴിഞ്ഞു. വാക്സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടുന്ന സംസ്ഥാനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി അപമാനിക്കുകയാണ് ചെയ്യുന്നത്. സ്വന്തം പൗരന്മാരുടെ ജീവന്‍ പണയപ്പെടുത്തിയുള്ള വാക്സിന്‍ കയറ്റുമതി പ്രശസ്തിക്ക് വേണ്ടിയാണോ, അതോ മറ്റൊരു തെറ്റായ തീരുമാനമാണോയെന്നും രാഹുല്‍ ചോദിക്കുന്നു.
കൂടുതല്‍ വായനയ്ക്ക്: വീണ്ടുമെത്തുന്ന കൊവിഡ്; ആശങ്ക വേണ്ട, പ്രതിരോധിക്കാം ഒരുമിച്ച്
സംസ്ഥാന വിഷയമായ പൊതുജനാരോഗ്യത്തില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. നേരിട്ടുള്ള വാക്സിന്‍ സംഭരണത്തിന് അനുമതി നല്‍കാതെ രജിസ്ട്രേഷനിലേക്ക് മാത്രമായി സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിനും വാക്സിന്‍ ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒരു വ്യക്തിയുടെ ചിത്രം വയ്ക്കുന്നതിനപ്പുറം പരമാവധി ആളുകള്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ മാറണം.
കൂടുതല്‍ വായനയ്ക്ക്: രാജ്യത്ത് കൊവിഡ് മരുന്ന് ക്ഷാമമെന്ന റിപ്പോര്‍ട്ട് തള്ളി അമിത് ഷാ
വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് ഉത്പാദനം വര്‍ധിപ്പിക്കാനാവശ്യമായ സഹായങ്ങളും വാക്സിന്‍ അനുമതികളിലെ ചുവപ്പുനാടകള്‍ ഒഴിവാക്കി നല്‍കുകയും വേണം. വാക്സിന്‍ സംഭരണത്തിനും വിതരണത്തിനും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. കൊവിഡ് രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.