അകോള(മഹാരാഷ്‌ട്ര): മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സ്‌ത്രീകള്‍ മാത്രമെ പങ്കെടുക്കുകയുള്ളുവെന്ന് പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിന്‍റെ ചുമതല വഹിക്കുന്ന ജയ്‌റാം രമേശ് അറിയിച്ചു. നിലവില്‍ ഭാരത് ജോഡോ യാത്ര മഹാരാഷ്‌ട്രയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നവംബര്‍ 20ന് പര്യടനം മധ്യപ്രദേശിലേയ്‌ക്ക് കടക്കുന്നതിന് മുമ്പായി മഹാരാഷ്‌ട്രയിലെ അകോള ജില്ലയിലും ബുല്‍ധാന ജില്ലയിലും യാത്ര പൂര്‍ത്തിയാക്കും.
മഹാരാഷ്‌ട്രയില്‍ ഇതിനോടകം തന്നെ ഹിന്‍ഗോളി, വാഷിം തുടങ്ങിയ ജില്ലകളില്‍ യാത്ര പിന്നിട്ടുകഴിഞ്ഞു. ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തില്‍ യാത്രയുടെ രണ്ട് വിഭാഗങ്ങളിലായി (പുലര്‍ച്ചെയും ഉച്ചതിരിഞ്ഞും) കോണ്‍ഗ്രസിന്‍റെ വനിത പ്രവര്‍ത്തകരും അനുബന്ധ ഘടകങ്ങളിലെ പ്രവര്‍ത്തകരും പങ്കുചേരും. മഹാരാഷ്‌ട്ര കൂടാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടിയുടെ വനിത വിഭാഗത്തിലെ ജനപ്രതിനിധികളും പര്യടനത്തിന്‍റെ ഭാഗമാകുമെന്ന് ജയ്‌റാം രമേശ് പറഞ്ഞു.