ഹൈദരാബാദ്: ഹൈദരാബാദില്‍ ഓണ്‍ലൈന്‍ മണി ട്രാന്‍സ്‌ഫര്‍ ആപ്പ് വഴി പണം തട്ടിയതായി പരാതി. ഹൈദരാബാദ് എന്‍ജിഒ കോളനിയിലുള്ള പണമിടപാട് സ്ഥാപന ഉടമയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ 9നാണ് സംഭവം.
30,000 രൂപയുടെ പണമിടപാട് നടത്തുന്നതിനാണ് യുവാവ് സ്ഥാപനത്തിലെത്തിയത്. ഓണ്‍ലൈന്‍ മണി ട്രാന്‍സ്‌ഫര്‍ ആപ്പിലൂടെ ഈ തുക അയക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സ്ഥാപനമുടമ യുവാവിന് പണം നല്‍കി. ഓണ്‍ലൈന്‍ ആപ്പിലൂടെ പണം അയച്ചതിന്‍റെ സന്ദേശം യുവാവ് ഫോണില്‍ കാണിച്ചെങ്കിലും അക്കൗണ്ടില്‍ പണം എത്തിയില്ല.
കുറച്ച് നേരം കാത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തിരക്കുണ്ടെന്നും ഉടന്‍ പോകണമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥാപനമുടമ ഇയാളെ പോകാന്‍ അനുവദിച്ചു. 3-4 മണിക്കൂർ പിന്നിട്ടിട്ടും പണം അക്കൗണ്ടില്‍ കയറാത്തതിനെ തുടര്‍ന്ന് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായി.
തട്ടിപ്പ് വ്യാപകം: തുടര്‍ന്ന് വനസ്ഥാലിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, ഇത്തരത്തില്‍ വ്യാജ ഓണ്‍ലൈന്‍ മണി ട്രാന്‍സ്‌ഫര്‍ ആപ്പ് വഴി പലരും വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. സംഭവദിവസം വനസ്ഥാലിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സുഷമക്ക് സമീപത്തെ പണമിടപാട് സ്ഥാപനത്തിലും യുവാവ് എത്തിയിരുന്നു.
30,000 രൂപ അടിയന്തരമായി നല്‍കണമെന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്‌ഫര്‍ ആപ്പിലൂടെ പണം കൈമാറാമെന്നുമാണ് യുവാവ് പറഞ്ഞത്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് പൈസ അയച്ചതിന്‍റെ സന്ദേശം യുവാവ് കാണിച്ചു. എന്നാല്‍ തന്‍റെ മൊബൈല്‍ ഫോണില്‍ പണം ക്രെഡിറ്റായതിന്‍റെ സന്ദേശമെത്തിയിട്ടില്ലെന്ന് ചൂണ്ടികാട്ടി പണം കൈമാറാന്‍ ഉടമ വിസമ്മതിച്ചു.
മൊബൈല്‍ ഫോണില്‍ സന്ദേശമെത്തുന്നത് വരെ കാത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. അത്യാവശ്യമാണെന്നും പകുതി പണം നല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറാകാത്തതിനെ തുടര്‍ന്ന് യുവാവ് കടയില്‍ നിന്ന് മടങ്ങുകയായിരുന്നു.