കോയമ്പത്തൂർ : കാര്‍ സ്‌ഫോടനത്തിൽ ഉൾപ്പെട്ട ഒരാളെ കൂടി തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച (ഒക്‌ടോബര്‍ 26) രാത്രിയാണ്, സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്‍റെ ബന്ധു അബ്‌സര്‍ ഖാന്‍ (28) അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ അബ്‌സര്‍ ഖാനെ പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്‌തുവരികയായിരുന്നു.
സ്‌ഫോടനം ആസൂത്രിതമാണെന്നും രണ്ടുവര്‍ഷം മുമ്പ് തന്നെ പദ്ധതി ഇട്ടിരുന്നുവെന്നും അബ്‌സര്‍ ഖാന്‍ മൊഴി നല്‍കി. കൂടാതെ ബോംബ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങി എന്നും സിലിണ്ടര്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നതിനുള്ള വിവരങ്ങള്‍ യൂട്യൂബില്‍ നിന്നും ശേഖരിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അബ്‌സറിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഒക്‌ടോബര്‍ 23ന് പുലര്‍ച്ചെ ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. കാറില്‍ കൊണ്ടുപോവുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിയില്‍ ജമേഷ മുബിന്‍ എന്ന 25കാരന്‍ മരിച്ചിരുന്നു.
അപകടം ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജമേഷ മുബിന്‍റെ വീട്ടില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം, സൾഫർ തുടങ്ങി 75 കിലോ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ കൂട്ടാളികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തു. മുഹമ്മദ് തൽഹ (25), മുഹമ്മദ് അസ്ഹറുദ്ദീൻ (23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്‌മയിൽ (27), മുഹമ്മദ് നവാസ് ഇസ്‌മയിൽ (26) എന്നിവരെയാണ് 153 എ യുഎപിഎ നിയമം (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്‌തത്.
സംഭവത്തില്‍ ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തിരുന്നു. അന്വേഷണം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 31ന് ബിജെപിയും ഹിന്ദു സംഘടനകളും സംയുക്ത ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുമുണ്ട്.