ചെന്നൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെ സ്വന്തമായി ബാങ്ക് സ്ഥാപിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശി ചന്ദ്രബോസാണ് അറസ്‌റ്റിലായത്. റൂറൽ ആൻഡ് അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് ബാങ്ക് എന്ന പേരിൽ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ ഇയാൾ ശാഖകൾ സ്ഥാപിച്ചിരുന്നു.
ശേഷം ബാങ്കിന്‍റെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ, പാസ്‌ബുക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ഓൺലൈൻ പണമിടപാട് തുടങ്ങിയവ അച്ചടിച്ച് ഇടപാടുകാർക്ക് നൽകുകയായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്‌റ്റന്‍റ് മാനേജർ ചെന്നൈ പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. തിരുമംഗലം, നാമക്കൽ, തിരുവണ്ണാമലൈ, വിരുദാചലം, പേരമ്പലൂർ, സേലം എന്നിവിടങ്ങളിലായി പത്തിലധികം ശാഖകൾ ഇയാൾ ആരംഭിച്ചതായി പൊലീസ് കണ്ടെത്തി.
ലണ്ടനിൽ നിന്ന് എംബിഎ ബിരുദം നേടിയ ചന്ദ്രബോസ് 2016 ൽ സഹകരണ സംഘമെന്ന വ്യാജേന കമ്പനി ഉണ്ടാക്കി പിന്നീടത് ബാങ്കാക്കി മാറ്റി ആളുകളെ കബളിപ്പിക്കുകയായിരുന്നു. കള്ളക്കുറിച്ചി, ഈറോഡ് തുടങ്ങിയ പ്രദേശങ്ങളിൽ പൊതുജനങ്ങളെ ഇടപാടുകാരായി ഉൾപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഏകദേശം 3000 ഉപഭോക്താക്കൾ ഈ തട്ടിപ്പിനിരയാകുകയും രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായും തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്‍റെ ബാങ്ക് തട്ടിപ്പ് അന്വേഷണ വിഭാഗം കണ്ടെത്തി.
കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാർ ബാങ്കുകളിൽ ആകർഷകമായ വിവിധ വായ്‌പ പദ്ധതികൾ പ്രഖ്യാപിച്ച് തട്ടിപ്പ് നടത്താനും ഇയാൾ പദ്ധതിയിടുന്നതായി പൊലീസ് പറഞ്ഞു. റിസർവ് ബാങ്കിൽ നിന്ന് അനുമതിയുള്ളതായി കാണിക്കുന്ന രേഖകൾ അച്ചടിച്ചതുൾപ്പടെ നിരവധി കുറ്റകൃത്യങ്ങളാണ് ചന്ദ്രബോസ് ചെയ്‌തിട്ടുള്ളത്. 57 ലക്ഷം രൂപയും ആഡംബര കാറും ചില സുപ്രധാന രേഖകളും വ്യാജ ബാങ്കുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.