ചെന്നൈ: പടക്കകടയിൽ നടന്ന സ്ഫോടനത്തിൽ ഒന്നരവയസുകാരൻ മരിച്ചു. തമിഴ്‌നാട്ടിലെ കല്ലകുരിചി ജില്ലയിലെ കൊങ്കാരയ പാളയം ഗ്രാമത്തിലാണ് സംഭവം. കൃഷ്‌ണ സാമി എന്നയാളുടെ പടക്കങ്ങൾ വിൽക്കുന്ന കടയുടെ അടുത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയാണ് കടയിൽ തീപടർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചത്.
കടയുടമയായ കൃഷ്‌ണ സാമിയുടെ മകനാണ് മരിച്ച ഒന്നര വയസുകാരൻ ദർഷിത്. ആറും ഏഴും വയസുള്ള മറ്റു രണ്ടു കുട്ടികളുമൊത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അപകടം. കടയുടെ അടുത്ത് അപരിചിതനായ ഒരാൾ റോഡിനരികിൽ പടക്കം പൊട്ടിച്ചുകൊണ്ടിരിക്കെ അതിൽ നിന്നും കടയിലേക്ക് തീപടരുകയായിരുന്നു. അപകടത്തിൽ ദർഷിതിനൊപ്പമുണ്ടായിരുന്ന കുട്ടികൾ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രയിലാണ്. അപകടത്തെ തുടർന്ന് പരിക്കേറ്റ ദർഷിത് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നു വരികയാണ്.