ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനമുണ്ടായതായി ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ്. 2021 ഡിസംബർ അവസാന വാരത്തിൽ ഒമിക്രോണ്‍ ബാധിച്ച രോഗികളിൽ ക്ലിനിക്കൽ വൈറോളജി ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ പഠനത്തിലാണ് സമൂഹ വ്യാപനത്തിന്‍റെ സാധ്യകൾ തെളിഞ്ഞത്.
ഇക്കാലയളവിൽ രോഗം ബാധിച്ചവർ യാത്രകൾ നടത്തിയിട്ടില്ല. എന്നാല്‍ രാജ്യത്ത് ഒമിക്രോണ്‍ കേസുകളും ദിനം പ്രതി കൂടിവരുന്നു. ഇത് രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായതിന്‍റെ തെളിവാണെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് ചൂണ്ടിക്കാട്ടുന്നത്.
ഡൽഹിയിലെ അഞ്ച് പ്രദേശങ്ങളിൽ നിന്ന് 2021 നവംബർ 25 മുതൽ ഡിസംബർ 23 വരെയുള്ള കാലയളവിൽ ഒമിക്രോണ്‍ ബാധിച്ചവരുടെ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ നിന്ന് പ്രദേശികമായും, കുടുംബപരമായുമുള്ള നിരവധി ക്ലസ്റ്ററുകൾ രൂപപ്പെട്ടതായി മനസിലാക്കാൻ കഴിഞ്ഞു. ഇത് സമൂഹവ്യാപനം ആരംഭിച്ചു എന്നതിന്‍റെ തെളിവാണ്.
ALSO READ: പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിദ്ദുവും ചന്നിയും; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്
ഈ പഠന കാലയളവിൽ 264 കേസുകളിൽ 68.9 ശതമാനം ഡെൽറ്റ വകഭേദം ബാധിച്ചവരായിരുന്നു. ഇതിൽ 31.06 ശതമാനം ഒമിക്രോണ്‍ ബാധിതരായിരുന്നു. ഇതിൽ ഭൂരിഭാഗം ഒമിക്രോണ്‍ രോഗികളിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും പഠനം രേഖപ്പെടുത്തുന്നു.
ഇതിൽ 72 പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്. ഏകദേശം 39.1 ശതമാനം പേർ രോഗികളുമായി പ്രഥമിക സമ്പർക്കത്തിലോ, യാത്രയിലോ ഏർപ്പെട്ടിട്ടുള്ളവരാണ്. എന്നാൽ 60.9 ശതമാനം പേരിൽ യാത്രാ ചരിത്രമോ, സമ്പർക്കമോ ഒന്നും തന്നെ കാണുന്നില്ല. ഇത് സമൂഹവ്യാപനത്തിന്‍റെ ലക്ഷണങ്ങളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.