ബെംഗളൂരു: നിലവില്‍ രാജ്യത്തെ ഏറ്റവും പ്രായമേറിയ എംഎല്‍എ എന്ന നിലയില്‍ ശ്രദ്ധേയനാണ് കര്‍ണാടകയിലെ ദേവനഗരി സൗത്ത് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ 92 വയസുള്ള ഷാമനൂർ ശിവശങ്കരപ്പ. 2023 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിര്‍ണയിക്കപ്പെട്ട അദ്ദേഹം ബിജെപിയുടെ ബി ജി അജയ് കുമാറുമായാണ് തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റുമുട്ടുന്നത്. ഇത്തവണ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള വ്യക്തിയേയാണ് ബിജെപി മത്സരരംഗത്തിറക്കുന്നത്.
ദേവനഗരി നിയോജക മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണയും വിജയിക്കുവാന്‍ ഷാമനൂർ ശിവശങ്കരപ്പയ്ക്ക് സാധിച്ചു. അഞ്ച് തവണയാണ് ദേവനഗരിയിലെ എംഎല്‍എയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ വീരശൈവ ലിംഗായത്ത് മഹാസഭയുടെ അധ്യക്ഷനായ അദ്ദേഹം നാലാം തവണയാണ് ബിജെപി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത്.
ശിവശങ്കരപ്പയെ കയ്യൊഴിയാത്ത ദേവനഗരി: 1994ല്‍ ആയിരുന്നു അദ്ദേഹം രാഷ്‌ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത്. രാഷ്‌ട്രീയ ജീവിതത്തിന്‍റെ തുടക്കത്തില്‍ ദേവനഗരിയിലെ മുന്‍സിപ്പല്‍ പ്രസിഡന്‍റായിട്ടായിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 1994ല്‍ ദേവനഗരി നിയോജക മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ദേവനഗരിയില്‍ നിന്ന് തന്നെ മത്സരിച്ച അദ്ദേഹത്തെ ദേവനഗരി കൈയൊഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
1994, 2004, 2008, 2013, 2018 തുടങ്ങിയ അഞ്ച് വര്‍ഷങ്ങളിലും അദ്ദേഹം ദേവനഗരി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ മണ്ഡലം പിളര്‍ന്നു. 1997ല്‍ ലോക്‌സഭയിലും അംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശേഷം, 1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയത്തിന് പകരം തോല്‍വിയാണ് ഷാമനൂർ ശിവശങ്കരപ്പയെ കാത്തിരുന്നത്.
'നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ അനുഗ്രഹം എന്നോടൊപ്പമുണ്ട്. അതിനാലാണ് 92-ാം വയസിലും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനങ്ങളുടെ പിന്തുണയുള്ളതിനാല്‍ ഞാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കും'.
ചരിത്രം സൃഷ്‌ടിക്കുമെന്ന് ശിവശങ്കരപ്പ: സൗത്ത് മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയം നേടാന്‍ എനിക്ക് സാധിച്ചു'. ഇത്തവണയും ഞാന്‍ വിജയിച്ച് ചരിത്രം സൃഷ്‌ടിക്കുമെന്ന് ശിവശങ്കരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളുടെ അച്ഛന്‍ ഈ പ്രായത്തിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനൊരുങ്ങുകയാണ്. ഇത് അദ്ദേഹം ഇത്തവണയും വിജയിക്കുമെന്നതിന്‍റെ സൂചനയാണ്. അതിനാല്‍ സംസ്ഥാനത്തില്‍ തന്നെ പുതിയ ചരിത്രം കുറിക്കുവാന്‍ അച്ഛന് സാധിക്കുമെന്ന് ശിവശങ്കരപ്പയുടെ മകനും മുന്‍ മന്ത്രിയുമായ എസ്‌എസ് മല്ലികാര്‍ജുന്‍ പറഞ്ഞു.
അവസാന പോരാട്ടത്തിനൊരുങ്ങി മുതിര്‍ന്ന നേതാക്കള്‍: അതേസമയം, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ശമനൂര്‍ ശിവശങ്കരപ്പയെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് മത്സരിക്കുവാനുള്ള അവസാന സാധ്യത തന്നെയാണ്. ശിവശങ്കരപ്പ മാത്രമല്ല സംസ്ഥാന രാഷ്‌ട്രീയത്തില്‍ സജീവമായ സിദ്ദരാമയ്യ ഉള്‍പെടെയുള്ള നേതാക്കള്‍ക്ക് പ്രായം പരിഗണിച്ച് ഇത് അവസാന തെരഞ്ഞെടുപ്പാകുവാനാണ് സാധ്യത. കോണ്‍ഗ്രസ് എംഎല്‍എ ആര്‍ വി ദേശ്‌പാണ്ഡെ(75), കെ ആര്‍ രമേഷ് കുമാര്‍(73), ബിജെപി എംഎല്‍മാരായ കെ എസ് ഈശ്വരപ്പ(74), ജി എച്ച് തിപ്പറെഡ്ഡി(77) ജലസേചന വകുപ്പ് മന്ത്രി ഗോവിന്ദ് കര്‍ജോള്‍(71) തുടങ്ങിയവരും തെരഞ്ഞെടുപ്പ് രാഷ്‌ട്രിയത്തില്‍ നിന്നും വിരമിക്കുമെന്നാണ് സൂചന.