തിരുവണ്ണാമലൈ(തമിഴ്‌നാട്): ഭാര്യയുടെ കുഴിമാടത്തിന് തൊട്ടരികിലായി സ്വന്തം ശവകുഴിയെടുത്ത് വൃദ്ധന്‍. ഒടുവില്‍ മരണശേഷം ഭാര്യയുടെ കുഴിമാടത്തിനരികില്‍ തന്നെ അടക്കം ചെയ്യുക എന്ന ആഗ്രഹം മക്കള്‍ സാക്ഷാത്‌കരിച്ചു. തമിഴ്‌നാടിലെ തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം.
സര്‍വിസില്‍ നിന്നും വിരമിച്ച സൈനികനായിരുന്നു കുപ്പന്‍(98). 1942 രണ്ടാം ലോക മഹായുദ്ധത്തില്‍ കുപ്പന്‍ സൈന്യത്തിന് വേണ്ടി സേവനം ചെയ്‌തിരുന്നു. അസുഖത്തെ തുടര്‍ന്ന് 1998 ജൂലൈ 10നാണ് കുപ്പന്‍റെ ഭാര്യ ശാരദമ്മാള്‍ മരണപ്പെടുന്നത്.
ഭാര്യയുടെ വിയോഗത്തില്‍ അസ്വസ്‌തനായ ഇയാള്‍ ഭാര്യയെ അടക്കം ചെയ്‌ത വണ്ണന്‍കുളം ശ്‌മശാനത്തിന്‍റെ 52 ഏക്കര്‍ ഭൂമി വാങ്ങി. തുടര്‍ന്ന് ഭാര്യയുടെ കുഴിമാടത്തില്‍ നിരന്തരം സന്ദര്‍ശിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്‌തിരുന്നു. പെട്ടെന്നൊരു ദിവസം ഭാര്യയുടെ കുഴിമാടത്തിനരികില്‍ കുപ്പന്‍ തന്‍റെയും കുഴിയെടുത്തു.
കഴിഞ്ഞ 25 വര്‍ഷമായി തന്‍റെ കുഴിമാടത്തെ കുപ്പന്‍ സംരക്ഷിച്ച് പോരുകയായിരുന്നു. മരണശേഷം ഭാര്യയുടെ കുഴിമാടത്തിന് പക്കലുള്ള തന്‍റെ കുഴിമാടത്തില്‍ തന്നെ അടക്കം ചെയ്യണമെന്ന് മക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 18ന് തന്‍റെ 96-ാം വയസില്‍ കുപ്പന്‍ മരണപ്പെട്ടപ്പോള്‍ ഭാര്യയ്‌ക്കൊപ്പം തന്നെയും അടക്കം ചെയ്യുക എന്ന പിതാവിന്‍റെ ദീര്‍ഘനാളത്തെ ആഗ്രഹം മക്കള്‍ സാക്ഷാത്‌കരിച്ചു.
മരണപ്പെട്ട കുപ്പന്‍റെ പിതാവും മകനും സൈനികരായിരുന്നു. പ്രഭാകര്‍, നിര്‍മല, അമല എന്നിവരാണ് മക്കള്‍.