ബറേലി (ഉത്തർ പ്രദേശ്): പൊലീസുദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹഭ്യർഥന നടത്തിയ ഒല ഡ്രൈവർ പിടിയിൽ. ലഖ്‌നൗ സ്വദേശി സത്യം തിവാരിയാണ് അറസ്‌റ്റിലായത്. വനിത അഭിഭാഷകയുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
സമൂഹ മാധ്യമത്തിലൂടെ ഇയാൾ അഭിഭാഷകയുമായി സൗഹൃദത്തിലാകുകയായിരുന്നു. തുടർന്ന് ഇരുവരും ബറേലിയിൽ വച്ച് നേരിട്ട് കാണാൻ തീരുമാനിക്കുകയായിരുന്നു. അഭിഭാഷകയെ നേരിൽ കണ്ട് വിവാഹഭ്യർഥന നടത്താനായാണ് യുവാവ് എത്തിയത്.
വോക്കി ടോക്കിയും ഐഡി കാർഡുമൊക്കെയായി പൊലീസ് യൂണിഫോമിലാണ് യുവാവ് എത്തിയത്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ സബ് ഇൻസ്‌പെക്‌ടറായി നിയമനം ലഭിച്ചതായും യുവാവ് അഭിഭാഷകയോട് പറഞ്ഞു. എന്നാൽ അഭിഭാഷക വിവിധ വകുപ്പുകളെക്കുറിച്ച് ചോദിച്ചതോടെ യുവാവിന്‍റെ കള്ളി വെളിച്ചത്താവുകയായിരുന്നു.
അഭിഭാഷകയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ യുവാവിന് കഴിഞ്ഞില്ല. തുടർന്ന് സംശയം തോന്നിയ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസിനെ കണ്ട് യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
അഭിഭാഷകയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്‍റെ പക്കലുണ്ടായിരുന്നു ഐഡി കാർഡും വോക്കി ടോക്കിയും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബറേലി പൊലീസ് ഇൻസ്പെക്‌ടർ ഹിമാൻഷു നിഗം പറഞ്ഞു.