ചണ്ഡിഗഢ്: ഇന്ത്യൻ ആർമി, നേവി, വ്യോമസേന എന്നിവയിൽ സേവനമനുഷ്‌ഠിച്ച് വിരമിച്ച കേണൽ പ്രീതിപാൽ സിംഗിന് ഇന്ന് നൂറ് വയസ്. ഇന്ത്യയുടെ പ്രതിരോധ സേവനങ്ങളുടെ മൂന്ന് യൂണിറ്റുകളിലും സേവനമനുഷ്‌ഠിച്ച ഒരേയൊരു ഉദ്യോഗസ്ഥനാണ് കേണൽ പ്രീതിപാൽ സിംഗ്. അദ്ദേഹത്തിൻ്റെ ജന്മദിനത്തിന് സോഷ്യൽ മീഡിയയിൽ ആശംസകൾ കൊണ്ട് നിറയുകയാണ്.
ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ഗണ്ണർ ഓഫിസറായി. രണ്ടാം ലോക മഹായുദ്ധത്തിലും 1965 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. മണിപ്പൂരിലെ അസം റൈഫിൾസ് സെക്‌ടർ കമാൻഡറായിരിക്കെയാണ് വിരമിച്ചത്.
കുടുംബത്തിൻ്റെ എതിർപ്പ് വകവക്കാതെയാണ് റോയൽ ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി പ്രീതിപാല്‍ സിംഗ് ഔദ്യേഗിക ജീവിതം ആരംഭിച്ചത്. 23-ാം വയസിൽ ഇന്ത്യൻ നാവികസേനയിൽ ചേർന്ന അദ്ദേഹം സേനയിൽ അഞ്ചുവർഷം സേവനമനുഷ്‌ഠിക്കുകയും പിന്നീട് ഒരു സർക്കാർ ഏജൻസിയിൽ ചേരുകയും ചെയ്‌തു. 1951 ൽ ഇന്ത്യൻ ആർമിയുടെ ആർട്ടിലറി റെജിമെൻ്റിൽ ചേർന്ന അദ്ദേഹം 1970 ൽ കേണൽ തസ്‌തികയിൽ നിന്ന് വിരമിക്കുകയായിരുന്നു.