ബാരിപാഡ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ 70കാരിക്ക് ദാരുണാന്ത്യം. മായ മുർമു എന്ന വയോധികയാണ് ദൽമ വന്യജീവി സങ്കേതത്തിൽ നിന്ന് വഴിതെറ്റിയെത്തിയ ആനയുടെ ചവിട്ടേറ്റ് മരിച്ചത്. മരണശേഷം സംസ്‌കരിക്കുന്നതിനിടെയും, പകയൊടുങ്ങാത്ത ആന പാഞ്ഞെത്തി ചിതയ്‌ക്കുള്ളിലെ മായയുടെ മൃതദേഹം ചവിട്ടുകയും തുമ്പിക്കൈ കൊണ്ട് കോരിയെടുത്തെറിയുകയും ചെയ്‌തു.
കഴിഞ്ഞ വ്യാഴാഴ്‌ച (ജൂൺ 09) രാവിലെയായിരുന്നു സംഭവം. റായ്‌പാൽ ഗ്രാമത്തിലെ കുഴൽക്കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഗുതുതമായി പരിക്കേറ്റ മായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് വൈകുന്നേരം സംസ്‌കരിക്കുന്നതിനിടെയാണ് ആന വീണ്ടുമെത്തി ഭീതി പരത്തിയത്. ഇതിന് ശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞാണ് മൃതദേഹം വീണ്ടും സംസ്‌കരിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.