കൊൽക്കത്ത: ഒഡിഷ ട്രെയിൻ ദുരന്തത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ട്രെയിൻ അപകടത്തെത്തുടർന്ന് തൃണമൂൽ കോണ്‍ഗ്രസ് എന്തിനാണ് ഇത്ര പരിഭ്രാന്തരാകുന്നത്?. മുഖ്യമന്ത്രി എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും സുവേന്ദു അധികാരി ചോദിച്ചു.
'ട്രെയിൻ അപകടത്തിൽ ബിഹാറില്‍ നിന്നുള്ള നിരവധി പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതേക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. ജാർഖണ്ഡിൽ നിന്നുള്ളവരും അപകടത്തിൽ മരിച്ചു. എന്നാൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഇതേക്കുറിച്ച് അധികമൊന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് ഇത്രയധികം തൊഴിലാളികൾ ബംഗാളില്‍ നിന്നും ജോലിക്കായി പുറത്ത് പോവുന്നത്.' - സുവേന്ദു മമതയ്‌ക്കും സര്‍ക്കാരിനുമെതിരായി പറഞ്ഞു.
തൃണമൂല്‍ നേതാവും മമതയുടെ കുടുംബാംഗവുമായ അഭിഷേക് ബാനർജിയുടെ ഭാര്യ റുജിറയ്ക്ക് ഇഡി സമൻസ് അയച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയും സുവേന്ദു അധികാരി വിമര്‍ശനം ഉന്നയിച്ചു. കൽക്കരി കള്ളക്കടത്ത് കേസിൽ അഭിഷേക് ബാനർജിയുടെ ഭാര്യ റുജിറ ബാനർജിയ്‌ക്കെതിരെ തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ടാണ് ജയില്‍ മോചനം നേടിയത്. ഈ കുടുംബത്തെ എന്തിനാണ് ഏജൻസികൾ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒഡിഷ ദുരന്തത്തില്‍ 'അജ്ഞാതർ'ക്കെതിരെ എഫ്‌ഐആർ: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തില്‍ 'അജ്ഞാതർ'ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് റെയിൽവേ പൊലീസ് (ജിആർപി). റെയിൽവേ ആക്‌ട് 1989, ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം ഒന്നിലധികം വകുപ്പുകൾ ചേർത്താണ് അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. നിലവിൽ അപകടത്തിന് കാരണക്കാരായി റെയിൽവേ ജീവനക്കാരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണത്തിൽ അത് പുറത്തുവരുമെന്നും എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നു.
READ MORE | ഒഡിഷ ട്രെയിൻ ദുരന്തം: 'അജ്ഞാതർ'ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു
റെയിൽവേ നിയമത്തിലെ 154, 175, 153 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 337, 338, 304 എ, 34 വകുപ്പുകൾ പ്രകാരവുമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ജൂൺ രണ്ട് വൈകിട്ട് ബാലസോറിലെ ബഹനാഗ ബസാർ പ്രദേശത്താണ് ബെംഗളൂരു - ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്, കോറമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രാജ്യം ഇന്നേവരെ കണ്ട ഏറ്റവും വലിയ അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ റെയിൽവേ ബോർഡ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് അന്വേഷണം നടത്താൻ ഞായറാഴ്‌ച ശുപാർശ ചെയ്‌തു.
READ MORE | നോവുണങ്ങാതെ ബാലസോര്‍; അപകടത്തില്‍ മരിച്ചവരില്‍ 124 പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും തിരിച്ചറിയാനായില്ല
ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച 275 പേരില്‍ 124 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായില്ലെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ അഞ്ചിനാണ് ഈ വിവരം പുറത്തുവന്നത്. അപകടത്തെ തുടര്‍ന്ന് മൃതദേഹങ്ങളുടെ മുഖമുള്‍പ്പടെ സാരമായ നിലയില്‍ രൂപമാറ്റം വന്നതോടെയാണ് ബന്ധുക്കള്‍ക്ക് പോലും ഇവ സ്ഥിരീകരിക്കാനാവാത്തത്. മൃതദേഹങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ തന്നെ ഡിഎന്‍എ പരിശോധന ഉള്‍പ്പടെ നടത്തി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്‍റെയും അധികൃതരുടെയും തീരുമാനം.