ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തം 'സിഗ്നലിങ് സർക്യൂട്ട് മാറ്റത്തിലെ' പിഴവ് മൂലമാണെന്ന് വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. 295 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ സുരക്ഷ കമ്മിഷണർ അന്വേഷണം പൂർത്തിയാക്കിയതായും കേന്ദ്രമന്ത്രി രാജ്യസഭയില്‍ അറിയിച്ചു. രാജ്യസഭയിലെ സിപിഎം നേതാവ് ജോൺ ബ്രിട്ടാസിന്‍റേയും ആം ആദ്മി പാർട്ടി (എഎപി) എംപി സഞ്ജയ് സിങിന്‍റേയും ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദുരന്തത്തില്‍ വിശദീകരണവുമായി: സ്‌റ്റേഷനിലെ നോര്‍ത്ത് സിഗ്‌നല്‍ ഗൂംട്ടിയില്‍ മുമ്പ് നടത്തിയ സിഗ്നലിങ് സർക്യൂട്ട് മാറ്റത്തിലെ പിഴവുകളും, സ്‌റ്റേഷനിലെ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 94 ലെ ഇലക്‌ട്രിക് ലിഫ്റ്റിങ് ബാരിയർ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലികൾ നിര്‍വഹിച്ചതുമാണ് പിന്നിലുണ്ടായ കൂട്ടിയിടിക്ക് കാരണം. ഈ പിഴവുകള്‍ ട്രെയിന്‍ നമ്പര്‍ 12841 ന് തെറ്റായ സിഗ്നലിങിന് കാരണമായി. അതായത് യുപി ഹോം സിഗ്നൽ സ്‌റ്റേഷനിലെ യുപി മെയിന്‍ ലൈനിലൂടെ മുന്നോട്ടേക്കുള്ള പച്ചവെളിച്ചം കാണിച്ചു.
എന്നാല്‍, യുപി മെയിൻ ലൈനിനെ ലൂപ്പ് ലൈനുമായി (ക്രോസ്ഓവർ 17A/B) ബന്ധിപ്പിക്കുന്ന ക്രോസ്ഓവർ ലൂപ്പ് ലൈനിലേക്ക് മാറി. ഈ തെറ്റായ സിഗ്നലിങ് ട്രെയിന്‍ നമ്പര്‍ 12841 നെ യുപി ലൂപ്പ് ലൈനിലൂടെ മുന്നോട്ടുകൊണ്ടുപോവുകയും അവിടെ നിന്നിരുന്ന ഗുഡ്‌സ് ട്രെയിനുമായി (നമ്പർ N/DDIP) കൂട്ടിയിടിക്കുകയും ചെയ്‌തുവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് സഭയിൽ അറിയിച്ചു.
295 യാത്രക്കാർക്ക് ജീവൻ നഷ്‌ടപ്പെട്ടു. 176 പേർക്ക് ഗുരുതരമായ പരിക്കുകളും 451 പേർക്ക് നിസാര പരിക്കുകളും 180 പേർക്ക് പ്രഥമ ശുശ്രൂഷയും നൽകി തിരികെ അയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പറഞ്ഞ അപകടത്തിൽ മരിച്ച 41 പേരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
Also Read: ബാലസോര്‍ ട്രെയിന്‍ ദുരന്തം, വീഴ്‌ച സിഗ്‌നലിങ് വിഭാഗത്തിന്, ജനറല്‍ മാനേജരെ മാറ്റി
ഇനി ആവര്‍ത്തിക്കാതിരിക്കാന്‍: വകുപ്പുതല അന്വേഷണ സമിതിയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലുള്ള റെയിൽവേ സുരക്ഷ കമ്മിഷണറുമാണ് അപകടങ്ങളുടെ കാരണങ്ങൾ അന്വേഷിക്കുന്ന പ്രധാന ഏജൻസികള്‍. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2018-2023) 201 അപകട സംഭവങ്ങള്‍ വകുപ്പുതല അന്വേഷണ സമിതിയും 18 കേസുകൾ റെയിൽവേ സുരക്ഷ കമ്മിഷൻ അന്വേഷിച്ചുവെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു. അപകടത്തിന്‍റെ മൂലകാരണം കണ്ടെത്തുന്നതിനും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ നിര്‍ദേശിക്കുന്നതിലുമാണ് അന്വേഷണത്തിന്‍റെ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ച വിവിധ അന്വേഷണ സമിതികൾ അവരുടെ റിപ്പോർട്ടിൽ നിർദേശിച്ച ശുപാർശകൾ അനുസരിച്ച്, റെയിൽവേ അഡ്‌മിനിസ്‌ട്രേഷൻ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേര്‍ത്തു.