ഭുവനേശ്വർ : ജനവാസ മേഖലകളിൽ കാട്ടാന ശല്യം വർധിക്കുന്ന സാഹചര്യത്തിൽ ആനകളിൽ റേഡിയോ കോളറുകൾ ഉപയോഗിക്കാൻ ഒഡിഷ സർക്കാർ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) എസ് കെ പോപ്ലിയാണ് സർക്കാർ പദ്ധതിയെ കുറിച്ച് അറിയിച്ചത്. സംസ്ഥാനത്തിന്‍റെ 'ഗജബന്ധു' എന്ന പരിപാടിയിലൂടെയാണ് ആനകളിൽ റേഡിയോ കോളറുകൾ ഘടിപ്പിക്കുന്ന ദൗത്യം നടപ്പാക്കുന്നത്.
പരീക്ഷണം മൂന്ന് ആനകളിൽ : റേഡിയോ കോളർ പദ്ധതിക്കായി ബെംഗളൂരു ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിലെ ഏഷ്യൻ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനുമായി സംസ്ഥാന വനംവകുപ്പ് കരാർ ഒപ്പുവച്ചതായും പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ആനകളിൽ റേഡിയോ കോളർ ടാഗ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക, തമിഴ്‌നാട് ജില്ലകളിൽ ഇതിനകം റേഡിയോ കോളർ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ആനകളിൽ ഘടിപ്പിച്ചിക്കുന്ന റേഡിയോ കോളർ സിഗ്നലുകളിൽ നിന്ന് ഇവയുടെ സഞ്ചാരം കണ്ടെത്താനാകും.
ഈ പദ്ധതി, ആനക്കൂട്ടം ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മൂന്ന് ആനകളിൽ മാത്രം നടപ്പാക്കുന്ന പദ്ധതി വിജയകരമായാൽ സംസ്ഥാനത്തൊട്ടാകെ ഇത് വ്യാപിപ്പിക്കുമെന്നും പോപ്ലി കൂട്ടിച്ചേർത്തു. ആനകളുടെ സഞ്ചാരം സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് ജനവാസ മേഖലകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
മുന്നറിയിപ്പ് നൽകാൻ പ്രത്യേക സംവിധാനം : ആനകളുടെ സാന്നിധ്യം അറിയിക്കാൻ റെഡ് ലൈറ്റും സൈറണും ഉപയോഗിക്കുന്ന രീതിയിലാണ് സംവിധാനം. ഗജബന്ധു പരിപാടിയിൽ ഓരോ ഗ്രാമത്തിൽ നിന്നും അഞ്ചുപേരെ വീതം വളണ്ടിയർമാരായി നിയോഗിക്കും. ഇവരാണ് ആനകളുടെ നീക്കം വനം വകുപ്പിനെ അറിയിക്കുക. നിലവിൽ 1200 വില്ലേജുകളാണ് ഗജബിന്ധു പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
2000 വില്ലേജുകൾ കൂടി പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. കാട്ടാന ശല്യം കൂടുതലുള്ള അംഗുൽ ജില്ലയിലെ ബന്തലിൽ സൗരോർജ വേലി സ്ഥാപിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചതായും ഇതിനായി 43 വില്ലേജുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പോപ്ലി പറഞ്ഞു.
also read : video: അരിക്കൊമ്പൻ തമിഴ്‌നാട് വനംവകുപ്പിന്‍റെ പിടിയില്‍, ഇനി ഉൾക്കാട്ടിലേക്ക്
കേരളത്തിലെ അരിക്കൊമ്പൻ : കേരളത്തിൽ ഇടുക്കി ചിന്നക്കനാലിൽ ജനവാസ മേഖലയിൽ ഭീഷണിയായിരുന്ന അരിക്കൊമ്പൻ എന്ന ആനയ്‌ക്കും കേരള സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. തമിഴ്‌നാട് - കേരള അതിർത്തിയിൽ നിത്യ സാന്നിധ്യമായിരുന്ന ആനയെ വനം വകുപ്പ് നിലവിൽ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. റേഡിയോ കോളർ സിഗ്നലിന്‍റെ സഹായത്തോടെയാണ് അരിക്കൊമ്പന്‍റെ സാന്നിധ്യം വനം വകുപ്പ് നിരീക്ഷിക്കുന്നത്.