ഗഞ്ചം (ഒഡിഷ): മദ്യപാനത്തിന് അടിമയായാൽ മദ്യം വാങ്ങാൻ ഏതറ്റം വരെയും പോകുമെന്നതിന് തെളിവാണ് ഗഞ്ചം ജില്ല വിദ്യാഭ്യാസ ഓഫിസിലെ പ്യൂൺ. ഓഫിസിലെ ഫർണിച്ചറുകൾ, ഫയലുകൾ അടക്കമുള്ള വസ്‌തുക്കൾ ആക്രി കച്ചവടക്കാർക്ക് വിറ്റാണ് വിദ്യാഭ്യാസ ഓഫിസിലെ പ്യൂൺ ആയ പീതാംബർ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ മദ്യം വാങ്ങാനുള്ള പണം കണ്ടെത്തിയത്.
രണ്ട് വർഷം മുൻപ് ഓഫിസിന്‍റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പ്രധാനപ്പെട്ട സർക്കാർ രേഖകളും വിലപിടിപ്പുള്ള ഫർണിച്ചറുകളും സൂക്ഷിച്ചിരുന്ന പഴയ കെട്ടിടത്തിന്‍റെ സംരക്ഷണ ചുമതല പീതാംബറിനായിരുന്നു. അതിനാൽ മുതിർന്ന ഉദ്യോഗസ്ഥർ പഴയ കെട്ടിടം സന്ദർശിക്കാറുണ്ടായിരുന്നില്ല. ഈ അവസരം മുതലാക്കിയാണ് പീതാംബർ ഓഫിസ് കെട്ടിടത്തിലെ സാധനങ്ങൾ ആക്രി കച്ചവടക്കാർക്ക് വിറ്റത്.
20 അലമാരകൾ, 10 സെറ്റ് മേശകളും കസേരകളും പ്രധാനപ്പെട്ട സർക്കാർ ഫയലുകൾ എന്നിവയ്‌ക്ക് പുറമെ കെട്ടിടത്തിലെ വാതിലുകളും ജനലുകളും വരെ ഈ വിരുതൻ ഇളക്കി വിറ്റു. കഴിഞ്ഞ വെള്ളിയാഴ്‌ച സെക്ഷൻ ഓഫിസർ ജയന്ത് കുമാർ സാഹു പഴയ ഫയലുകൾ പരിശോധിക്കാൻ ഓഫിസിലെത്തിയപ്പോൾ കാലിയായ കെട്ടിടമാണ് കണ്ടത്. തുടർന്ന് സാഹു ബ്രഹ്മപൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കെട്ടിടത്തിന്‍റെ സംരക്ഷണ ചുമതലയുള്ള പീതാംബറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് തന്‍റെ മദ്യാസക്തിയുടെയും കെട്ടിടത്തിലെ വസ്‌തുക്കൾ മോഷ്‌ടിച്ച് വിറ്റതിന്‍റെയും കഥകൾ ഇയാൾ വെളിപ്പെടുത്തുന്നത്. വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പീതാംബറിനെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. മൂന്ന് ആക്രി കച്ചവടക്കാരെയും അറസ്റ്റ് ചെയ്‌തു. പീതാംബറിനെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും ജില്ല വിദ്യാഭ്യാസ ഓഫിസർ ബിനിത സേനാപതി പറഞ്ഞു.