ഭുവനേശ്വർ : പൊതുപരിപാടിക്കിടെ പൊലീകാരന്‍റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡിഷ മന്ത്രി മരിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി നബ കിഷോർ ദാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ജർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ നബ കിഷോർ ദാസിനെ എഎസ്ഐ ആയ ഗോപാല്‍ ദാസ് വെടിവച്ചത്. കാറില്‍ നിന്നിറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന് നെഞ്ചിലേക്കാണ് ഗോപാല്‍ ദാസ് വെടിയുതിർത്തത്.
ഉടൻ തന്നെ മന്ത്രിയെ ജർസുഗുഡ ജില്ല ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സർവീസ് റിവോൾവറില്‍ നിന്നുള്ള വെടിയേറ്റ് മന്ത്രിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മന്ത്രിയെ വെടിവയ്ക്കാനുള്ള കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.
Also Read: VIDEO: മന്ത്രിയെ വെടിവെച്ചത് തൊട്ടരികില്‍ നിന്ന് നെഞ്ചിലേക്ക്, കാരണം അന്വേഷിക്കുന്നു: നില ഗുരുതരം
പ്രതി ഗോപാല്‍ ദാസിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗോപാല്‍ ദാസിന് മാനസിക വിഷമങ്ങൾ ഉണ്ടായിരുന്നതായി ഭാര്യ പ്രതികരിച്ചു. നേരത്തെ കോൺഗ്രസിലായിരുന്ന മന്ത്രി നബ കിഷോർ ദാസ് 2019ലെ തെരഞ്ഞെടുപ്പിലാണ് ബിജെഡിയില്‍ ചേർന്നത്.
കല്‍ക്കരി ഖനനം, ഹോട്ടല്‍ അടക്കമുള്ള വ്യവസായ മേഖലകളില്‍ പ്രബലനും പ്രമുഖനുമായ രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ട നബ കിഷോർ ദാസ്.