ന്യൂഡൽഹി: ഡൽഹിയിലെ ഗോവിന്ദ് ബല്ലഭ് ആശുപത്രിയുടെ വിവാദ സർക്കുലർ പിൻവലിച്ചെങ്കിലും അധികൃതർ രേഖാമൂലം ക്ഷമാപണം നടത്തണമെന്ന് ഡൽഹിയിലെ മലയാളി നഴ്‌സ് യൂണിയൻ. മലയാള ഭാഷയോട് മാത്രം കാണിക്കുന്ന വിവേചനത്തിനെതിരെ അധികൃതർ രേഖാമൂലം ക്ഷമാപണം നൽകുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് ഡൽഹിയിലെ മലയാളി നഴ്‌സ് യൂണിയന്‍റെ തീരുമാനം.
ALSO READ: 'മലയാളം സംസാരിയ്ക്കരുത്'; സര്‍ക്കുലറുമായി ഡല്‍ഹി ആശുപത്രി, പ്രതിഷേധം
ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കരുതെന്നായിരുന്നു ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് ഉത്തരവിറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ കനത്ത നടപടി സ്വീകരിക്കുമെന്നുമായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ശക്തമായ എതിർപ്പുകൾ ഉയർന്നതോടെ ആശുപത്രി മാനേജ്മെന്‍റ് ഉത്തരവ് പിൻവലിക്കുകയായിരുന്നു.
ALSO READ: മലയാളം വിലക്കിയ നടപടി : ഭാഷാവിവേചനം അവസാനിപ്പിക്കണമെന്ന് രാഹുല്‍
ഇത് ഭാഷ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്ന ഉത്തരവാണെന്ന് ഡൽഹിയിലെ മലയാളി നഴ്സുമാരുടെ ആക്ഷൻ കമ്മിറ്റി പ്രതിനിധി സികെ ഫമീർ പറഞ്ഞു. ഇത് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. ഭാഷയെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ അവർ അപമാനിച്ചു. അതിനാൽ ബന്ധപ്പെട്ട വ്യക്തികളിൽ നിന്ന് രേഖാമൂലമുള്ള ക്ഷമാപണം ആവശ്യമാണ്. ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെയാണ് ഈ സർക്കുലർ പുറത്തിറക്കിയിരിക്കുന്നാണ് അവർ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ഇത് ഗുരുതരമായ നിയമലംഘനമാണ്. അതിനാൽ സർക്കുലർ പുറത്തിറക്കിയതാരാണോ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഫമീർ കൂട്ടിച്ചേർത്തു.
ALSO READ: 'മലയാളം സംസാരിയ്ക്കരുത്' ; വിവാദ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ആശുപത്രി
രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിച്ചതിനെ തുടർന്നാണ് മലയാളത്തിന് വിലക്ക് ഏർപ്പെടുത്തിയതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് മലയാളി നഴ്സുമാർ പറയുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആശുപത്രി ജീവനക്കാരായി ഉണ്ടെന്നും അവരെല്ലാം പ്രാദേശിക ഭാഷയിൽ തന്നെയാണ് സംസാരിക്കുന്നതെന്നും നഴ്സുമാർ ചൂണ്ടിക്കാട്ടി.