മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. ഫെബ്രുവരി 14ന്, റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം നാലായിരത്തിലധികമായി ഉയർന്നു. മാസ്ക് ധരിക്കാതെയുള്ള പൗരന്മാരുടെ അശ്രദ്ധമായ മനോഭാവമാണ് വർധനവിന് യഥാർഥ കാരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
കൊവിഡ് കേസുകൾ നിയന്ത്രണത്തിലാണെന്നും മുംബൈയിൽ രണ്ട് അക്കമായും സംസ്ഥാനത്ത് മൂന്ന് അക്കമായും കേസുകൾ കുറയുമെന്നും മഹാരാഷ്ട്ര ആയുഷ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. സഞ്ജയ് ലോണ്ടെ പറഞ്ഞു. കൊവിഡ് ഭീതി ഇതുവരെ അവസാനിച്ചിട്ടില്ല. പക്ഷേ, കൊവിഡ് അവസാനിച്ചുവെന്ന് ആളുകൾ കരുതുന്നു. ഇപ്പോൾ എല്ലായിടത്തും തിരക്ക് കൂടുതലാണ്. ജനങ്ങൾ മാസ്ക് ധരിക്കുന്നത് ഉപേക്ഷിച്ചു. പൊതുഗതാഗതത്തിൽ യാത്ര ചെയ്യുമ്പോൾ, സാമൂഹിക അകലം പാലിക്കുന്നത് അസാധ്യമാണ്. പക്ഷേ ആളുകൾക്ക് മാസ്ക് ധരിക്കാൻ കഴിയും. എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകിയാലും കൊവിഡ് നിലനിൽക്കുമെന്ന് ലോണ്ടെ പറഞ്ഞു.
തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത് 3365 പുതിയ കേസുകൾ
തിങ്കളാഴ്ച 3,365 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 20,67,643 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 23 രോഗികൾ കൂടി മരിച്ചതോടെ കൊവിഡ് മരണസംഖ്യ 51,552 ആയി. വീണ്ടെടുക്കൽ നിരക്ക് 95.7 ശതമാനവും മരണനിരക്ക് 2.49 ശതമാനവുമാണ്. 3105 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.