ഗുരുഗ്രാം : ഹരിയാനയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർഗീയ കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് കരുതുന്ന രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഗ്വാർക ഗ്രാമത്തിലെ താമസക്കാരായ മുൻഫെദ്, സൈകുൽ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നുഹ് ജില്ലയിലെ ടൗരു പ്രദേശത്ത് ബുധനാഴ്‌ച (9.8.23) പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്യാനായത്.
പ്രതികളെ പ്രതികൂടുന്നതിനിടെ മുൻഫെദിന്‍റെ കാലിന് വെടിയേറ്റിരുന്നു. ഇയാളെ ചികിത്സയ്‌ക്കായി നാൽഹാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് മുൻഫെദിന് കാലിന് പരിക്കേറ്റതോടെ ഇരുവരും ബൈക്കിൽ നിന്ന് താഴെ വീണു.
ഇവരിൽ നിന്ന് ഒരു നാടൻ പിസ്റ്റൾ, മോട്ടോർ ബൈക്ക്, കാട്രിഡ്‌ജ് എന്നിവ പൊലീസ് പിടിച്ചെടുത്തു. അതേസമയം നുഹ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കായി പൊലീസ് ഊർജിതമായി അന്വേഷണം നടത്തുകയാണെന്നും ആരവല്ലി കുന്നുകളിൽ ചിലർ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലായവർ രാജസ്ഥാൻ വഴി നുഹിലേയ്‌ക്ക് പോകാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചിരുന്നെന്ന് ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ചുമതലയുള്ള ഇൻസ്‌പെക്‌ടർ സന്ദീപ് മോർ അറിയിച്ചു.
തുടർന്ന് പൊലീസ് സംഘം സിൽഖോ കുന്നിന് സമീപം തെരച്ചിൽ നടത്തുകയും പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് പൊലീസ് തിരിച്ച് വെടിവച്ചപ്പോഴാണ് മുൻഫിദിന് വെടിയേറ്റത്. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read : Haryana violence | ഗുരുഗ്രാം, നുഹ് അക്രമം ; 176 പേര്‍ അറസ്റ്റില്‍, രജിസ്റ്റര്‍ ചെയ്‌തത് 93 എഫ്‌ഐആറുകള്‍
ജൂലൈയ് 31 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രക്കിടെ മുസ്‌ലീം സമുദായക്കാർ അധികം താമസിക്കുന്ന നുഹിൽ വച്ച് സംഘർഷം ഉണ്ടായിരുന്നു. അക്രമണം പിന്നീട് വർഗീയ കലാപമായി മാറിയതോടെ രണ്ട് ഹോംഗാർഡുകളടക്കം ആറ് പേരാണ് ഇതുവരെ സംഘർഷത്തിൽ മരണപ്പെട്ടത്. തുടർന്ന് ഗുരുഗ്രാമിലേയ്‌ക്ക് കൂടി വ്യാപിച്ച ആക്രമണത്തിൽ രണ്ടിടങ്ങളിൽ നിന്നുമായി 176 ഓളം പേരെ പൊലീസ് ഇതിന് മുൻപ് അറസ്‌റ്റ് ചെയ്‌തിരുന്നു.
സംഘർഷത്തിൽ നുഹിൽ മാത്രം 55 എഫ്‌ഐആറുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഇതിന് പിന്നാലെ നുഹ് ജില്ലയിൽ അനധികൃതമായി നിർമിച്ച 45ൽ അധികം വാണിജ്യ സ്ഥാപനങ്ങൾ ജില്ല ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. ആക്രമണം നടന്ന് ആറ് പേർ മരണപ്പെട്ടതിന് പിന്നാലെയാണ് നടപടി.