ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യുന്നതിന് ഹെൽപ്പ്‌ലൈൻ ആരംഭിച്ച് നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ).
സാധാരണക്കാരെ സഹായിക്കാൻ എൻഎസ്‌യുഐ വോളന്‍റിയർമാർ
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വിജയിക്കാൻ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുക എന്നത് അനിവാര്യമാണ്. പ്രത്യേകിച്ച് രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഇന്‍റർനെറ്റ് സൗകര്യം ഇല്ലാത്തതിനാൽ തന്നെ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ സാധ്യമായെന്ന് വരില്ല. ഈ സാഹചര്യത്തിൽ പൂർണമായും ഫോണിലൂടെയും വീടുതോറുമുള്ള ആശയവിനിമയത്തിലൂടെയും വിവരങ്ങൾ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എൻഎസ്‌യുഐയുടെ ദേശീയ പ്രസിഡന്‍റ് നീരജ് കുന്തന്‍ പറഞ്ഞു. അതിനാൽ ദേശീയ കൺട്രോൾ റൂമും സംസ്ഥാന കൺട്രോൾ റൂമും ഒരു ഹെൽപ്പ്‌ലൈൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല എല്ലാ പ്രാദേശിക ഭാഷയും ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഏത് സംസ്ഥാനത്തുനിന്നുമുള്ള ഒരു സാധാരണക്കാരന് പോലും എളുപ്പത്തിൽ ആശയവിനിമയം നടത്താനും അവരുടെ പ്രശ്‌നങ്ങളും ചോദ്യങ്ങളും പരിഹരിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെൽപ്പ്‌ലൈനിലൂടെ രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങൾ ലഭ്യം
വാക്സിനേഷൻ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതിനായി ജനങ്ങളെ സഹായിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ മാർഗനിർദേശ പ്രകാരം എൻഎസ്‌യുഐ 7669886366 എന്ന ഹെൽപ്പ്ലൈൻ നമ്പർ പുറത്തിറക്കിയിട്ടുണ്ടെന്ന് നീരജ് പറഞ്ഞു. ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ രേഖകളുടെ വിവരങ്ങൾ നൽകണം. കൂടാതെ ഇന്‍റർനെറ്റ് അല്ലെങ്കിൽ സ്‌മാർട്ട്‌ഫോൺ സൗകര്യമില്ലാത്ത ആളുകൾക്ക് ഈ ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. രജിസ്ട്രേഷൻ പ്രക്രിയയിൽ എൻഎസ്‌യുഐ വോളന്‍റിയർമാർ ജനങ്ങളെ സഹായിക്കും. എങ്ങനെ രജിസ്റ്റർ ചെയ്യണം, വാക്സിനേഷൻ ഷെഡ്യൂൾ എങ്ങനെ ബുക്ക് ചെയ്യണം തുടങ്ങി രജിസ്‌ട്രേഷനായുള്ള മാർഗനിർദേശങ്ങൾ വോളന്‍റിയർമാർ നൽകും. കൂടാതെ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ വ്യക്തികളെ അവരുടെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും തിരികെ കൊണ്ടു വരുന്നതിനും ഇവർ സൗകര്യമൊരുക്കുമെന്നും നീരജ് പറഞ്ഞു.