നബരംഗ്‌പൂര്‍(ഒഡീഷ): കാമുകന്‍മാരില്ലാത്ത വിദ്യാര്‍ഥിനികള്‍ക്ക് കാമ്പസില്‍ പ്രവേശനം ഇല്ലെന്ന് കാണിച്ച് ഒഡീഷയിലെ നബരംഗ്‌പൂരിലെ ഉമര്‍കോട്ട് പേന്ദ്രാനി കോളജില്‍ പ്രിന്‍സിപ്പലിന്‍റെ ഒപ്പോടുകൂടിയുള്ള നോട്ടിസ്. ഒഡീഷയിലെ തന്നെ ജഗത്സിംഗ്‌പൂരിലെ വിവേകാനന്ദ മെമ്മോറിയല്‍ കോളജില്‍ ഇത്തരത്തിലുള്ള നോട്ടിസ് പ്രത്യക്ഷപ്പെട്ടിരുന്നു. ഉമര്‍കോട്ട് പേന്ദ്രാനി കോളജിലെ നോട്ടിസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നോട്ടിസിനെതിരെ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന നോട്ടിസ് വ്യാജമാണെന്ന് പ്രിന്‍സിപ്പല്‍ അനിത മാജ്‌ഹി പറഞ്ഞു. "ഫെബ്രുവരി 14നകം കോളജിലെ എല്ലാ പെൺകുട്ടികൾക്കും ഒരു കാമുകനെങ്കിലും ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. പെണ്‍കുട്ടികളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള നിബന്ധന. കാമുകനോടൊപ്പം നില്‍ക്കുന്ന അടുത്തകാലത്തായി എടുത്ത ഫോട്ടോ കോളജില്‍ പ്രവേശിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ തിരിച്ചറിയല്‍ രേഖ പോലെ കാണിക്കണം", നോട്ടിസില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സരസ്വതി പൂജയുടെ സമയത്ത് ഇറക്കിയ നോട്ടിസിലുള്ള വിജ്ഞാപന നമ്പറാണ് ഈ പ്രചരിക്കുന്ന വ്യാജ നോട്ടിസിലുള്ളത് എന്ന് അനിത മാജി പറഞ്ഞു. ഈ വിജ്ഞാപന നമ്പര്‍ കോപ്പി ചെയ്‌ത് ആരോ മനപൂര്‍വം വ്യാജ നോട്ടിസ് ചമച്ചതാണ്. സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
നോട്ടിസില്‍ പല രക്ഷിതാക്കളും കോളജ് പ്രിന്‍സിപ്പലിനെ കണ്ട് പരാതി പറഞ്ഞിട്ടുണ്ട്. വ്യാജ നോട്ടിസിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്തണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ രംഗത്ത് വന്നു. ജഗത്‌സിംഗ്‌പൂര്‍ സ്വാമി വിവേകാനന്ദ മെമ്മോറിയല്‍ കോളജില്‍ പ്രത്യക്ഷപ്പെട്ട സമാന നോട്ടിസും വ്യാജമാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ വിജയ്‌കുമാര്‍ പറഞ്ഞിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.