കൊൽക്കത്ത: പുതിയ പാർട്ടിയില്‍ താൻ സംതൃപ്‌തനല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് മാറിയ ലോക്‌സഭ എം.പി സുനിൽ മൊണ്ടാൽ. തനിക്ക് വാഗ്‌ദാനം ചെയ്‌ത കാര്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് മൊണ്ടാലിന്‍റെ പരാതി. കൂറുമാറ്റ നിയമപ്രകാരം സുനില്‍ മൊണ്ടാലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ലോക് സഭ സ്‌പീക്കര്‍ ഓം ബിർലയെ കാണാൻ നീക്കം ആരംഭിക്കുന്നതിനിടെയാണ് മൊണ്ടാലിന്‍റെ പരാമർശം.
2019ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച സുനില്‍ മൊണ്ടാല്‍ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിക്കൊപ്പം ചേർന്നത്. തിരിച്ച് തൃണമൂലിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അക്കാര്യം ആലോചിക്കുമെന്നും സുനില്‍ മൊണ്ടാല്‍ പറഞ്ഞു.
also read: ബിജെപിയെ ഭരണത്തിലേറ്റാത്തതിന് ബംഗാള്‍ ജനതയോട് നന്ദി പറഞ്ഞ് കർഷക നേതാക്കൾ
"ബിജെപിയുടെ വിജയത്തിനായി എന്‍റെ ജില്ലയില്‍ ഏറെ അധ്വാനിച്ചയാളാണ് ഞാൻ. എന്നാല്‍ തൃണമൂല്‍ വിട്ട് വന്നവരും മറ്റ് ബിജെപി നേതാക്കളും തമ്മില്‍ ഇന്ന് അകല്‍ച്ച വന്നിരിക്കുന്നു. വിശ്വാസം കുറഞ്ഞിരിക്കുന്നു. തൃണമൂല്‍ വിട്ട് വന്നവരെ ബിജെപി വിശ്വസിക്കുന്നില്ല. പാര്‍ട്ടിയുടെ സംഘടനാ ശക്തിയിലും എനിക്ക് വിശ്വാസക്കുറവുണ്ട്"- സുനില്‍ മൊണ്ടാല്‍ പറഞ്ഞു.
ബിജെപിക്കെതിരെ രൂക്ഷവിമർശനം
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും സുനില്‍ മൊണ്ടാല്‍ ഉന്നയിച്ചു. "തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് ബിജെപിക്കുവേണ്ടി പ്രചാരണത്തിന് വന്നവർക്ക് ബംഗാളി സംസ്കാരത്തെക്കുറിച്ച് അറിയില്ലെന്ന് മൊണ്ടാൽ പറഞ്ഞു. ഗ്രാമീണ മേഖലയിലെ ഭൂരിപക്ഷം ആളുകൾക്കും ഹിന്ദി പരിചയമില്ലാത്തതിനാൽ അവരുടെ പ്രസംഗങ്ങൾ ജനങ്ങളിലേക്കെത്തിയില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ ഗൊരഗ്പൂരിൽ നടന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയില്‍ വച്ചാണ് ഞാൻ ബിജെപിക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ ഒരുമിച്ച് പ്രവർത്തിക്കുമെന്ന വാഗ്ദാനം സുവേന്ദു പാലിച്ചില്ല. അദ്ദേഹം എന്നോട് സഹകരിച്ചില്ല. എനിക്ക് അദ്ദേഹവുമായി ഇപ്പോൾ ഒരു ബന്ധവുമില്ല" - സുനില്‍ മൊണ്ടാല്‍ ആരോപിച്ചു.