ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻഡിലും മേഘാലയയിലും ഫെബ്രുവരി 27 തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കും. 90% പോളിങ് രേഖപ്പെടുത്തിയ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16ന് നടന്നിരുന്നു, വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും. മേഘാലയയിലെ 60 നിയമസഭ സീറ്റുകളിലേക്കും നാഗാലാൻഡിലെ തുല്യ സംഖ്യയിലേക്കുമുള്ള തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം ശനിയാഴ്‌ച അവസാനിച്ചു.
ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം തൂക്കുസഭകൾക്കായിരുന്നു വഴിവച്ചത്. ഇത്തവണയും ഒരൊറ്റ പാർട്ടികൾക്കും മൃഗീയ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതകൾ ഇതുവരെയും കാണാത്ത പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്ന ബിജെപിക്ക് രാഷ്‌ട്രീയ ഭാവിക്ക് കാര്യങ്ങൾ നിർണായകമാണ്. കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയാണ് നിലവിൽ മേഘാലയ ഭരിക്കുന്നത്. നാഗാലാൻഡിലെ നിലവിലെ ഭരണസഖ്യമായ യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസിൽ, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ബിജെപി, നാഗാ പീപ്പിൾസ് ഫ്രണ്ട് എന്നീ പാർട്ടികളും അണിചേർന്നിട്ടുണ്ട്. ബീഫ് രാഷ്‌ട്രീയം മുതൽ ബിജെപിയുടെ ന്യൂന പക്ഷ വിരുദ്ധതയടക്കം ചർച്ചയായ തെരഞ്ഞെടുപ്പിൽ വിധി എന്തുതന്നെയായാലും അത് ബിജെപിയുടെ രാഷ്‌ട്രീയ ഭാവിയിൽ പ്രതിഫലിക്കും.
മേഘാലയ; എൻപിപിയും ബിജെപിയും; രാഷ്‌ട്രീയ പോര് മുറുകുമ്പോൾ
മേഘാലയയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുകുൾ സൻമഗയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് 21 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ ബിജെപിക്ക് നേടാനായത് രണ്ട് സീറ്റുകൾ മാത്രമായിരുന്നു. എന്നാൽ 19 സീറ്റുകൾ നേടിയ നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടിയുമായും (എൻപിപി) യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) ഉൾപ്പെടെയുള്ള മറ്റ് പ്രാദേശിക പാർട്ടികളുമായും സഖ്യമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിപി), ഹിൽ സ്‌റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്‌പിഡിപി) എന്നിവരും സഖ്യത്തിൽ ചേർന്നതോടെ സർക്കാർ രൂപീകരിക്കാനുള്ള 31 സീറ്റുകളിലേക്ക് ബിജെപി നിഷ്‌പ്രയാസമെത്തി.
മേഘാലയയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന് ഏതാനും മാസങ്ങൾക്ക് ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വടക്കുകിഴക്കൻ സംസ്ഥാനത്ത് 27 വർഷം നീണ്ടുനിന്ന നിന്ന് ആർമ്‌ഡ് ഫോർസസ് സ്പെഷ്യൽ പവർ ആക്‌ട് (എഎഫ്‌എസ്‌പിഎ) നീക്കം ചെയ്‌തു. തുടക്കത്തിൽ എല്ലാം മനോഹരമായി പോയെങ്കിലും പതിയെ ബിജെപിയും എൻപിപിയും തമ്മിലുള്ള ബന്ധം വഷളായി. കാവി പാർട്ടി സഖ്യകക്ഷിയെന്നതിനേക്കാൾ അധികാരം കയ്യാളാൻ ശ്രമിച്ചു. 2022 ജൂലൈയിൽ, ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബെർണാഡ് മാര ഗാരോ കുന്നുകളിൽ ലൈംഗിക തൊഴിൽ കേന്ദ്രങ്ങൾ നടത്തിയെന്നാരോപിച്ച് അറസ്‌റ്റ് ചെയ്യപ്പെട്ടിരുന്നു.
എൻപിപിയും ബിജെപിയും തമ്മിലുള്ള ബന്ധത്തിൽ പ്രത്യക്ഷമായ വിള്ളലുകൾ വീഴുന്നത് ഈ സംഭവങ്ങൾ പുറത്ത് വന്നതോടെയാണ്. 24 സീറ്റുകളുള്ള ഗാരോ ഹിൽസിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മാരാക്കിന് ബിജെപി എല്ലാ പിന്തുണയും നൽകി വന്നിരുന്ന ഘട്ടത്തിലാണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. രാഷ്‌ട്രീയ അരക്ഷിതാവസ്ഥ സൃഷ്‌ടിച്ച സമയങ്ങൾ പിന്നീട് ആവർത്തിച്ചു. ഇതിനിടയിൽ, കഴിഞ്ഞ വർഷം സംസ്ഥാന ബിജെപി നേതാക്കൾ എൻപിപിയുടേത് കാര്യക്ഷമമല്ലാത്ത ഭരണമാണെന്ന് ആരോപിച്ച് പിന്തുണ പിൻവലിക്കാൻ പോലും ശ്രമിച്ചിരുന്നു. ഇപ്പോഴും പാർട്ടി പിച്ചവച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു സാഹസികതയ്ക്ക് ശ്രമിക്കേണ്ടതില്ല എന്ന തിരിച്ചറിവിൽ നിന്ന് തന്നെയാണ് പിന്തുണ പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബിജെപി പിന്നോട്ട് പോയത്.
ഇത്തവണ ഓരോ പാർട്ടിയും വോട്ട് തേടുന്നത് അപരന്‍റെ രാഷ്‌ട്രീയ ബാധ്യതകൾ വഹിക്കാതെ രാഷ്‌ട്രീയം സ്വന്തം നിലയിൽ പറഞ്ഞുകൊണ്ടാണ്. 75% ക്രിസ്ത്യാനികളുള്ള, ബീഫ് കഴിക്കുന്നത് ജീവിതശൈലി ആയ ഒരു സംസ്ഥാനത്ത് ഹിന്ദുത്വ അനുകൂല പാർട്ടിയായി സ്വയം അവരോധിക്കാൻ എൻപിപി ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. ബിജെപി സംസ്ഥാന മേധാവി ഏണസ്‌റ്റ് മാവ്‌റിയും നിലപാട് വ്യക്തമാക്കി തന്നെയാണ് മുന്നോട്ട് പോകുന്നത്. ‘മേഘാലയയിൽ ബീഫ് കഴിക്കുന്നതിന് നിയന്ത്രണമില്ല. ബീഫ് വിഷയത്തിൽ മറ്റു സംസ്ഥാനങ്ങളെടുത്ത തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയാനില്ല. ഇവിടെ എല്ലാവരും ബീഫ് കഴിക്കുന്നവരാണ്. ഞാനും ബീഫ് കഴിക്കാറുണ്ട്. ഇത് ജനങ്ങളുടെ ജീവിത രീതിയാണ്, ഒരു നിയന്ത്രണവും ഇല്ല, ആർക്കും അത് തടയാനാകില്ല', എന്നായിരുന്നു ഏണസ്റ്റ് മാവ്‌റി പറഞ്ഞത്.
2018-ലെ പോലെ ഇത്തവണയും കോൺഗ്രസിന്‍റെ സാധ്യതകളുടെ കാര്യത്തിൽ വ്യക്തതയില്ല. സ്റ്റാർ ലീഡറായിരുന്ന മുകുൾ സാംഗ്‌മ വേർപിരിയുകയും അഖിലേന്ത്യ തൃണമൂൽ കോൺഗ്രസിനെ (എഐടിസി) പ്രതിനിധീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുകുൾ എഐടിസി കോൺറാഡുമായി രാഷ്‌ട്രീയ ഏകോപനത്തിന് സാധ്യതകളില്ല.
നാഗാലാൻഡിലെ നിലനിൽപ്പ്; അതിജീവനം; അപ്രമാദിത്വം
മേഘാലയയിലെന്ന പോലെ നാഗാലാൻഡിലും കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച സർക്കാരിന്‍റെ ഭാഗമാകാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് കഴിഞ്ഞിരുന്നില്ല. നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) 39 ശതമാനം വോട്ട് വിഹിതത്തോടെ 26 സീറ്റുകൾ നേടിയെങ്കിലും നാഷണലിസ്‌റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) 17 സീറ്റുകൾ നേടുകയും 12 സീറ്റുകൾ നേടിയ ബിജെപിയുമായി സഖ്യമുണ്ടാക്കി അധികാരത്തിൽ കയറുകയും ചെയ്‌തു. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയിൽ നിന്നും നാഗാലാൻഡിലെ നിലവിലെ മുഖ്യമന്ത്രി നെയ്‌ഫിയു റിയോയെ പിന്തുണച്ച് എൻപിഎഫ് വിമതരാണ് എൻഡിപിപി രൂപീകരിച്ചത്.
2017 ഒക്ടോബറിൽ, ഡിപിപി അതിന്‍റെ പേര് നാഷണലിസ്‌റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി എന്നാക്കി. തുടർന്ന് 2018 ലെ തിരഞ്ഞെടുപ്പിൽ എൻഡിപിപി ബിജെപിയുമായി സഖ്യമുണ്ടാക്കുകയും 10 എൻപിഎഫ് എംഎൽഎമാർ പാർട്ടി വിട്ട് എൻഡിപിപിയുമായി ചേർന്നു. ബിജെപിയുടെ കുതിരകച്ചവടത്തിനൊടുക്കം മുൻ എൻപിഎഫ് മുഖ്യമന്ത്രിയായിരുന്ന റിയോ 2018ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി എൻഡിപിപിയും ബിജെപിയും തമ്മിൽ സഖ്യമുണ്ടാക്കാൻ സന്നദ്ധമായി. നാഗാ രാഷ്ട്രീയത്തിലെ പ്രമുഖനാണെങ്കിലും മുഖ്യമന്ത്രിക്ക് പുതിയ സർക്കാർ രൂപീകരിച്ചപ്പോൾ ആഭ്യന്തരമന്ത്രി സ്ഥാനം ബിജെപിക്ക് വിട്ടുകൊടുക്കേണ്ടി വരികയും എൻഡിപിപിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ബി.ജെ.പി തങ്ങളുടെ സ്വാധീനം അരക്കെട്ടുറപ്പിക്കുകയും ചെയ്‌തു.
ബിജെപിയുടെ ആഭ്യന്തരമന്ത്രി വൈ പട്ടൺ മുൻ കോൺഗ്രസ് നേതാവായിരുന്നു. ബിജെപിയുടെ നാല് മുഖ്യമന്ത്രിമാരിൽ മൂന്ന് പേരും മുൻ കോൺഗ്രസ് നേതാക്കളായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിപിപിയും വീണ്ടും സഖ്യമുണ്ടാക്കിയ സാഹചര്യത്തിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എൻഡിപിപി ഭൂരിപക്ഷം സീറ്റുകളിലും (40), 2018ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചതുപോലെ ബാക്കി 20ൽ ബിജെപിയും മത്സരിക്കും. ഇത്തവണ ബിജെപിക്ക് കൂടുതൽ സീറ്റുകൾ നേടാനായാൽ സർക്കാർ രൂപീകരണത്തിൽ അവർക്ക് കൂടുതൽ സ്വാധീനമുണ്ടാകും.
ആദ്യം ഒരു പ്രാദേശിക പാർട്ടിയുടെയും പ്രാദേശിക നേതാവിന്‍റെയും പിന്തുണയിൽ വളരുകയും പിന്നീട് പ്രമുഖ സ്ഥാനങ്ങളിലേക്കുമുള്ള ബിജെപിയുടെ ക്രമാനുഗതമായ ഈ വളർച്ച എടുത്ത് പറയേണ്ടതാണ്. മേഘാലയയിലെന്നപോലെ, ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള നാഗാലാൻഡിൽ ഈ രീതിയാണ് അനുയോജ്യമെന്ന് മറ്റാരേക്കാൾ ബിജെപിയുടെ ഉന്നത നേതൃത്വത്തിന് അറിയാം. ആദ്യ ഘട്ടത്തിൽ എൻഡിപിപി പോലുള്ള പാർട്ടികൾ ചുമതല വഹിക്കുകയും പിന്നീട് ബിജെപിയുടെ അപ്രമാദിത്വവും വരും നാളുകളിൽ കാണാം.