ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്തില്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗം രാജ്യത്തിന്‍റെ വളര്‍ച്ചാ എഞ്ചിനായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാജ്യത്തെ വികസനത്തിന്‍റെ കേന്ദ്രബിന്ദുവായാണ് നരേന്ദ്ര മോദി ഈ പ്രദേശത്തെ കരുതുന്നതെന്നും അതിനാല്‍ തന്നെ കഴിഞ്ഞ ആറ് വർഷത്തിനിടെ 30 തവണ ഈ പ്രദേശം അദ്ദേഹം സന്ദർശിച്ചിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു. മുഖ്യമന്ത്രി സർബാനന്ദ സോനോവാലിന്‍റെയും ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും കീഴിൽ സമാധാനവും വികസനപരവുമായ ഒരു മുന്നേറ്റം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലായിരുന്നു അമിത്ഷായുടെ പ്രതികരണം.
അസം നേരത്തെ പ്രക്ഷോഭങ്ങൾക്കും അക്രമങ്ങൾക്കും പേരുകേട്ട സ്ഥലമായിരുന്നു. എന്നാൽ സോനോവാളിന്‍റെയും ശർമ്മയുടെയും നേതൃത്വത്തിലുള്ള ഭരണത്തില്‍ ഇതെല്ലാം ഇല്ലാതായതായും അദ്ദേഹം പറഞ്ഞു. ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനൽ പോലെയാണെന്നും അതിൽ വലിയ ഭൂരിപക്ഷത്തോടെ വിജയികളായി മാറുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ എല്ലാ തീവ്രവാദ സംഘടനകളും കീഴടങ്ങുകയും മുഖ്യധാരയിലേക്ക് മടങ്ങുകയും ചെയ്തതായി ആഭ്യന്തരമന്ത്രി പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകര്‍ അവരുടെ പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.