ഹരിദ്വാർ : ഹരിദ്വാറിലെ കുംഭമേളയ്‌ക്കിടെ വ്യാജ കൊവിഡ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു.
പ്രതികളുടെ അറസ്റ്റിനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡൽഹിയിലേക്കും ഹരിയാനയിലേക്കും പുറപ്പെട്ടു.
പ്രതികളായ ഡൽഹി മാക്‌സ് കോർപ്പറേറ്റ് സർവീസിലെ മല്ലികാ പന്ത്, ശരത് പന്ത്, വ്യാജ കൊവിഡ് പരിശോധന നടത്തിയ ഡോ. നവതേജ് നൽവ എന്നിവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് എസ്എ കൃഷ്ണരാജ് അറിയിച്ചു.
READ MORE: കുംഭമേളയ്ക്കിടെ വ്യാജ കൊവിഡ് പരിശോധന; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
സംഭവത്തിൽ ജൂൺ 17ന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹരിദ്വാർ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവിറക്കിയിരുന്നു.
കുംഭമേളയിൽ വ്യാജ കൊവിഡ് പരിശോധന റിപ്പോർട്ട് ചെയ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു നടപടി.
കുംഭമേളയിൽ നടത്തിയ പരിശോധനകളിൽ കുറഞ്ഞത് ഒരു ലക്ഷം കൊവിഡ് റിപ്പോർട്ടുകളെങ്കിലും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ 30 വരെയാണ് കുംഭമേള നടന്നത്.