ന്യൂഡൽഹി: രാജ്യത്ത്, പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനത്തിനിടയിലും കൊവിഡ് വാക്സിനേഷന്‍റെ രജിസ്ട്രേഷൻ ഓൺലൈൻ ആക്കിയത് സംബന്ധിച്ച് വലിയ രീതിയിലുള്ള ചോദ്യങ്ങളാണ് രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ഉയരുന്നത്. താഴേത്തട്ടിൽ വാക്സിനേഷനെ കുറിച്ച് ബോധവൽകരണം നടക്കുന്നുണ്ടെങ്കിലും ഗ്രാമീണ ഇന്ത്യയിൽ ഇന്‍റർനെറ്റിന്‍റെ അഭാവം വലിയ രീതിയിലാണ് വാക്സിനേഷനെ പ്രതികൂലമായി ബാധിക്കുന്നത്.
എന്നാൽ രാജ്യത്ത് ഡിജിറ്റൽ വിഭജനം നിലവിലുണ്ടെങ്കിലും അത് കാരണം ആർക്കും വാക്സിനേഷൻ ലഭിക്കാതെ പോകില്ല എന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി സിഇഒ ആർഎസ് ശർമ പറഞ്ഞു. വാക്സിനേഷന്‍റെ തുടക്കം മുതൽ രജിസ്റ്റർ ചെയ്യാതെ വാക്സിൻ ലഭ്യമാക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നാഷണൽ ഹെൽത്ത് അതോറിറ്റി പൊതു സേവന കേന്ദ്രങ്ങളിലൂടെ രജിസ്ട്രേഷനായി കോൾ സെന്‍റർ തുറന്നിട്ടുണ്ടെന്നും ശർമ പറഞ്ഞു.
ഡിജിറ്റൽ സംവിധാനങ്ങൾ ഇതിനെ പറ്റി അറിവില്ലാത്തവരെയോ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള മാർഗങ്ങൾ ഇല്ലാത്തവരെയോ അകറ്റി നിർത്തുന്നില്ലെന്നും ഗ്രാമങ്ങളിലെ ആളുകൾ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നുണ്ടെന്നും ഈ സംവിധാനങ്ങൾ സങ്കീർണമല്ലെന്നും ശർമ കൂട്ടിച്ചേർത്തു.
Also Read: ലോക്ക് അഴിച്ചപ്പോൾ വീണ്ടും കൈവിട്ട കളി, ഇനിയും രോഗവ്യാപനമോ?
എളുപ്പത്തിൽ ഉപയോഗിക്കാനായി കോവിൻ 12 ഭാഷകളിലാണ് പ്രവർത്തിക്കുന്നത്. ഇതുവരെ 25.69 കോടി വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കോവിൻ നൽകിയിട്ടുണ്ടെന്നും രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനവും രജിസ്റ്റർ ചെയ്യാതെയാണ് വാക്സിൻ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.