ലഖ്‌നൗ: ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനത്ത് മതപരമായ ഘോഷയാത്രകൾ പാടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. അതേസമയം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഉച്ചഭാഷിണി ഉപയോഗിക്കാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അനുമതി തേടുമ്പോൾ, സമാധാനവും ഐക്യവും നിലനിർത്തുന്നത് സംബന്ധിച്ച് സംഘാടകനിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.
പരമ്പരാഗതമായി നടത്തിവരുന്ന മതപരമായ ഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകാവൂ എന്നും പുതിയ പരിപാടികൾക്ക് അനാവശ്യമായി അനുമതി നൽകരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. അടുത്ത മാസം ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങൾ നടക്കാനിരിക്കവേയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ ജഹാംഗീർപുരിയിലും മധ്യപ്രദേശിലെ ഖർഗോണിലും നടന്ന വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് യുപി സർക്കാരിന്‍റെ തീരുമാനം.
ALSO READ: ജഹാംഗിർപുരി അക്രമം; കൗമാരക്കാരന്‍ ഉള്‍പ്പെടെ ഒരു കുടുബത്തിലെ ആറുപേര്‍ കസ്റ്റഡിയില്‍
വരാനിരിക്കുന്ന ഉത്സവദിനങ്ങളിൽ സമാധാനം ഉറപ്പുവരുത്താൻ അടുത്ത 24 മണിക്കൂറിനുള്ളിൽ മതനേതാക്കളുമായും ഉന്നതവ്യക്തികളുമായും ചർച്ച നടത്താൻ, അതത് പൊലീസ് സ്റ്റേഷൻ മുതൽ എഡിജി തലം വരെയുള്ള ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചതായും സൂചനയുണ്ട്.
സംഘർഷ സാധ്യതയുള്ള മേഖലകളിൽ അധിക പൊലീസ് സേനയെ വിന്യസിക്കുക, വാഹനങ്ങളിലുള്ളതിന് പുറമേ കാൽനടയായുള്ള പൊലീസ് പട്രോളിങ്, സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡ്രോണുകളുടെ ഉപയോഗം എന്നീ നിർദേശങ്ങളും സർക്കാർ ഉത്തരവിൽ മുന്നോട്ടുവയ്ക്കുന്നു. പൊലീസ് റെസ്‌പോൺസ് വെഹിക്കിളുകൾ (പിആർവി) സജീവമായി തുടരാനും നിർദേശമുണ്ട്.