ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആർത്തവ അവധി നൽകാനുള്ള നിർദേശം പരിഗണനയില്‍ ഇല്ലെന്ന് വനിത ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി രാജ്യസഭയിൽ അറിയിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബാധകമായ 1972 ലെ സെൻട്രൽ സിവിൽ സർവീസസ് (ലീവ്) ചട്ടങ്ങളിൽ ആർത്തവ അവധിക്കുള്ള വ്യവസ്ഥകളില്ലെന്നും ഈ നിയമങ്ങളിൽ അത്തരം അവധികൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം 1972ലെ സെൻട്രൽ സിവിൽ സർവീസസ് (ലീവ്) ചട്ടത്തിൽ ഒരു വനിത സർക്കാർ ജീവനക്കാരിക്ക് ആർജ്ജിതാവധി, അർദ വേതനവധി, പരിവർത്തിതാവധി, ശിശു സംരക്ഷണ അവധി, പ്രസവാവധി, ആശുപത്രി അവധി എന്നിങ്ങനെ വിവിധ തരത്തിലുള്ള അവധികൾ എടുക്കാമെന്നും മന്ത്രി വ്യക്‌തമാക്കി.
2011 മുതൽ 10നും 19 വയസിനുമിടയിലുള്ള കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്നുണ്ടെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. കൗമാരക്കാരായ പെൺകുട്ടികളുടെ ആർത്തവ ശുചിത്വം, ഉയർന്ന നിലവാരമുള്ള സാനിറ്ററി നാപ്‌കിനുകളുടെ ലഭ്യതയും ഉപയോഗവും വർധിപ്പിക്കുക, സാനിറ്ററി നാപ്‌കിനുകൾ പരിസ്ഥിതി സൗഹൃദമായ രീതിയിൽ സുരക്ഷിതമായി നീക്കം ചെയ്യുന്നത് ഉറപ്പാക്കുക തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ സാനിറ്ററി നാപ്‌കിനുകളും നല്ല ഗുണനിലവാരമുള്ള മരുന്നുകളും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നതിന് ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ പ്രധാനമന്ത്രി ഭാരതീയ ജനൗസാധി പരിയോജന (പിഎംബിജെപി) എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.