തിരുപ്പത്തൂർ (തമിഴ്‌നാട്) : നെക്കനമല ഗ്രാമത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ മരിച്ചയാളുടെ മൃതദേഹവുമായി നാട്ടുകാർ നടന്നത് ഏഴ് കിലോമീറ്ററോളം. ബാംഗ്ലൂരിൽ ജോലി ചെയ്‌തിരുന്ന നെക്കനമല സ്വദേശി ശരവണന്‍റെ മൃതദേഹമാണ് നാട്ടുകാർ ഡോളിയിൽ കയറ്റി ഏഴ് കിലോമീറ്ററോളം മലമുകളിൽ എത്തിച്ചത്. ദിവസങ്ങളായി അസുഖബാധിതനായിരുന്ന ശരവണൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
മൃതദേഹം ഗ്രാമത്തിന്‍റെ അടിവാരത്തെത്തിച്ചു. എന്നാൽ അവിടെ നിന്നും ഗ്രാമത്തിലേക്ക് റോഡ് ഇല്ലാത്തതിനാലാണ് ഏഴ് കിലോമീറ്ററോളം അടിവാരത്തുനിന്നും മലമുകളിലേക്ക് മൃതദേഹം നാട്ടുകാർക്ക് ഡോളിയിൽ ചുമക്കേണ്ടി വന്നത്.
ഗ്രാമത്തിലേക്ക് റോഡ് സൗകര്യം വേണമെന്നത് ജനങ്ങൾ നാളുകളായി ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാൽ അത് ഇതുവരെ യാഥാർഥ്യമായിട്ടില്ല. യാത്രാസൗകര്യം ഇല്ലാത്തതിനാൽ ദിവസേന ജോലികൾക്കായി ഏഴ് കിലോമീറ്ററോളം നടക്കേണ്ട സ്ഥിതിയാണ് ഗ്രാമവാസികൾക്ക്.