ലഖ്‌നൗ: ആഗ്രയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ 'മോക്ക് ഡ്രില്ലിനായി' ഓക്സിജൻ വിതരണം നിർത്തി വച്ചതായി തെളിവുകളില്ലെന്ന് ഉത്തർപ്രദേശിലെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട്.
എന്നാൽ ആശുപത്രി അധികൃതർ ഓക്‌സിജൻ ക്ഷാമം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ഡിസ്‌ചാർജ് ചെയ്‌തെന്ന് കണ്ടെത്തുകയും ചെയ്‌തു. ഇത് എപിഡെമിക് ഡിസീസസ് ആക്‌ട് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ പൊലീസ് അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കി. ജൂൺ എട്ടിനാണ് ഇതു സംബന്ധിച്ച് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്.
വൈറലായി ആശുപത്രി ഉടമയുടെ വീഡിയോ
ആഗ്രയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 26ന് രാവിലെ ഏഴു മണിയോടെ ഓക്‌സിജൻ വിതരണം നിർത്തി വച്ചതായി ആശുപത്രി ഉടമ സമ്മതിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഇരുപത്തിരണ്ട് രോഗികൾക്ക് ശ്വാസതടസം ഉണ്ടാകുകയും ചെയ്‌തിരുന്നു. ബാക്കിയുള്ള 74 രോഗികളോട് സ്വന്തം ഓക്‌സിജൻ സിലിണ്ടറുകൾ കൊണ്ടു വരാൻ ആവശ്യപ്പെട്ടതായും ഈ വീഡിയോയിൽ പറയുന്നുണ്ട്. ഓക്‌സിജൻ വിതരണം നിർത്തി വയ്‌ക്കുന്നതോടെ ആരൊക്കെ അതിജീവിക്കും എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് ചെയ്‌തതെന്നാണ് പറയുന്നത്.
Also Read: രാജ്യത്ത് 60,753 പേർക്ക് കൂടി കൊവിഡ് ; മരണം 1,647
അതേ സമയം 22 പേർ മരിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ആശുപത്രി ഉടമ ഡോ.അരിഞ്ജയ് ജെയിൻ പറഞ്ഞു. എന്നാൽ ഏപ്രിൽ ഏഴിനുള്ള വീഡിയോ ജൂൺ ഏഴിനാണ് വൈറലായതെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എൻ സിംഗ് പറഞ്ഞു. ചെറിയ ഒരു നഗരമായ ആഗ്രയിൽ ആശുപത്രിയിൽ 22 രോഗികൾ മരിച്ചാൽ പ്രതിഷേധമുണ്ടാകുമെന്നും ഓക്‌സിജൻ ക്ഷാമം മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.