കങ്ക്ര (ഹിമാചല്‍പ്രദേശ്): താന്‍ ചൈനയിലേക്ക് തിരിച്ച് പോകുന്നതിനുള്ള യാതൊരു കാരണവുമില്ലെന്ന് ടിബറ്റന്‍ ആത്‌മീയ നേതാവ് ദലൈലാമ. ഏറ്റവും നല്ല സ്ഥലം ഇന്ത്യയാണ്. കങ്ക്ര തന്‍റെ താമസത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു തെരഞ്ഞെടുത്തതാണ്. തന്‍റെ സ്ഥിരം താമസസ്ഥലമാണ് കങ്ക്രയെന്നും ദലൈലാമ മാധ്യമങ്ങളോട് പറഞ്ഞു.
അതിര്‍ത്തിയില്‍ ചൈന സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ക്കുള്ള സന്ദേശമെന്താണ് എന്ന ചോദ്യത്തിന് പൊതുവില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു വരുന്നു എന്നായിരുന്നു ദലൈലാമയുടെ മറുപടി. "പൊതുവില്‍ പറയുകയാണെങ്കില്‍ യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും കാര്യങ്ങള്‍ മെച്ചപ്പെട്ട് വരികയാണ്. ചൈനയ്ക്ക് മുമ്പത്തെ അത്ര കടുംപിടുത്തം ഇല്ല", ദലൈലാമ പറഞ്ഞു. ഇടതുകൈയ്‌ക്ക് ചെറിയ വേദനയുണ്ട് എന്നല്ലാതെ ആരോഗ്യപരമായി മറ്റ് കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല എന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ ഒമ്പതിനായിരുന്നു ചൈനീസ് സൈനികരും ഇന്ത്യന്‍ സൈനികരും തമ്മില്‍ അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണരേഖയിലെ തവാങ് സെക്‌ടറില്‍ സംഘര്‍ഷം ഉണ്ടായത്. യഥാര്‍ഥ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് രാജ്‌നാഥ് സിങ് പാര്‍ലമെന്‍റില്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ഇതനുവദിച്ചില്ല എന്നും ചൈനീസ് സൈനികര്‍ അവരുടെ പൂര്‍വ സ്ഥാനത്തേക്ക് പിന്‍വാങ്ങി എന്നും രാജ്‌നാഥ് സിങ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.