ഭോപ്പാൽ: ആശുപത്രി ജീവനക്കാരോട് രോഗിയുടെ ബന്ധുക്കൾ മോശമായി പെരുമാറിയതിനെ തുടർന്ന് മുതിർന്ന ഡോക്ടർ രാജി സമർപ്പിച്ച സംഭവത്തെ വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ലജ്ജാകരമായ സംഭവമെന്നാണ് മുഖ്യമന്ത്രി അതിനെ വാർത്താ സമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. “ചിലർ ഡോക്ടർമാരോടും ആശുപത്രി ജീവനക്കാരോടും മോശമായി പെരുമാറിയത് ലജ്ജാകരമാണ്. നമ്മുടെ ഡോക്ടർമാരോട് മോശമായി പെരുമാറാൻ ഒരു വ്യക്തിക്കും അവകാശമില്ല. നാം പരിഷ്‌കൃത സമൂഹത്തിലാണ് ജീവിക്കുന്നത്. ഒത്തൊരുമിച്ച് നിൽക്കാതെ കൊവിഡിനെതിരെ പോരാടാന്‍ സാധിക്കുകയില്ല", മുഖ്യമന്ത്രി പറഞ്ഞു.
"ഡോക്ടർമാരുടെ മനോവീര്യം വർദ്ധിപ്പിക്കണം അവർ മനുഷ്യരാശിയെ സേവിക്കാൻ പ്രവർത്തിക്കുന്നവരാണ്. കൊവിഡ് യോദ്ധാക്കളായ ഇവർ നിരന്തരം തങ്ങളുടെ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു. ഭോപ്പാലിലെ ജെപി ആശുപത്രിയിൽ രോഗി മരിക്കുകയും ശരിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടറിനെ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. അധികൃതർ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.