ന്യൂഡല്‍ഹി: ബിജെപിയേക്കാള്‍ സ്‌ത്രീ പ്രാതിനിധ്യമുള്ള മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. സ്‌ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി മോദി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദി മന്ത്രിസഭയിലെ വനിതകളെ ആദരിക്കുന്നതിനായി മഹിള മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നദ്ദ.
സ്ത്രീ പ്രാതിനിധ്യം
നയങ്ങളിലും പരിപാടികളിലും ഭരണനിര്‍വ്വഹണത്തിലും ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് ഇത്രയധികം പ്രാതിനിധ്യം നല്‍കിയ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമില്ല. സ്‌ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാനും വളരാനുമുള്ള ഇടം പാര്‍ട്ടിയില്‍ എപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരം പണ്ടു മുതല്‍ക്കേ സ്‌ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍
മോദി സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത്, ഉജ്ജ്വല തുടങ്ങിയ പദ്ധതികള്‍ ദരിദ്രരായ സ്ത്രീകളെ സഹായിച്ചിട്ടുണ്ടെന്ന് നദ്ദ പറഞ്ഞു. ഗര്‍ഭിണികളായ സ്ത്രീകളെ സഹായിക്കാന്‍ മെഡിക്കല്‍ സൗകര്യം ഉറപ്പ് വരുത്തുന്ന പദ്ധതികളിലൂടെ നവജാത ശിശു മരണ നിരക്കും പ്രസവത്തോടെ മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണം കുറയാനും സഹായിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭിണികള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യവും നദ്ദ ഓര്‍മിപ്പിച്ചു. ഉജ്ജ്വല പദ്ധതിയിലൂടെ എല്ലാ വീടുകളിലും പാചക വാതക സൗകര്യം ഉറപ്പ് വരുത്തുന്നതും നദ്ദ ചൂണ്ടികാട്ടി.
77 അംഗ മന്ത്രിസഭയില്‍ 11 വനിതകള്‍
പ്രധാനമന്ത്രി സമൂഹത്തിന്‍റെ എല്ലാ മേഖലയില്‍ നിന്നുമുള്ള സ്ത്രീകളുടെ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍മല സീതാരാമന്‍, സ്‌മൃതി ഇറാനി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി പുതിയ ഏഴ് വനിത മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇടംപിടിച്ചത്. 77 അംഗങ്ങളുള്ള മന്ത്രിസഭയില്‍ 11 പേരാണ് വനിതകള്‍.
Also read: ഏഴ് വനിതകള്‍ കൂടി കേന്ദ്രമന്ത്രിസഭയില്‍ ; വനിതാപ്രാതിനിധ്യം 11