ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഇടപെടാൻ ഒരു ബാഹ്യ വ്യക്തിയെയും അനുവദിക്കില്ലെന്നും മധ്യപ്രദേശ് ആസ്ഥാനമായുള്ള കർഷക നേതാവ് ശിവകുമാർ കക്കാജി. കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കക്കാജി. എന്നിരുന്നാലും ട്രൂഡോയുടെ കര്‍ഷകരോടുള്ള താല്‍പര്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും കക്കാജി കൂട്ടിച്ചേര്‍ത്തു.
“ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടാൻ ഒരു ബാഹ്യ വ്യക്തിയെയും അനുവദിക്കില്ല. എന്നാല്‍ ഞങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അവർ ആശങ്കാകുലരാണെന്നത് ഞങ്ങൾ സ്വാഗതം ചെയ്യുന്നു." - ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശിവകുമാർ കക്കാജി പറഞ്ഞു. അവകാശങ്ങൾ സംരക്ഷിക്കാനുള്ള സമാധാനപരമായ പ്രതിഷേധത്തിനൊപ്പം കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് പ്രക്ഷോഭകാരികളായ കർഷകരെ പിന്തുണച്ച് ജസ്‌റ്റിൻ ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു. ഗുരു നാനാക്കിന്‍റെ 551-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ഒരു ഓൺലൈൻ പരിപാടിയിൽ സംസാരിക്കവെയാണ് ട്രൂഡോ കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചത്. പിന്നാലെ മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനാവശ്യമായ കാര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.