ഹൈദരാബാദ്: കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തെ ഇത്രയധികം ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി. യാദാദ്രി ഭുവനഗിരി ജില്ലയിലെ ബിബിനഗറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഉടൻ രണ്ടാം തരംഗത്തെ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്‍റെ ആദ്യ തരംഗത്തെ ജനങ്ങൾ ഒറ്റക്കെട്ടായാണ് നേരിട്ടത്. അതുപോലെ രണ്ടാം തരംഗത്തെയും നമ്മൾ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജനും വാക്സിനും സഹിതം കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും മറ്റും നിർമിക്കാൻ നിർമാണ യൂണിറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഓക്സിജനും വാക്സിനുകളും മരുന്നുകളും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.