ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിക്ഷേപിക്കപ്പെട്ട കള്ള പണത്തിന്‍റെ ഔദ്യോഗിക കണക്കുകളില്ലെന്ന് കേന്ദ്രം. ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ ധനകാര്യമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് എംപി വിന്‍സന്‍റ് പാലയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ സൃഷ്‌ടിച്ചു
സ്വിസ് ബാങ്കുകളിലെ കണക്കുകള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ സൃഷ്‌ടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സ്വിറ്റ്സര്‍ലണ്ടിലെ നിക്ഷേപങ്ങളെല്ലാം കള്ളപ്പണമായാണ് പൊതുവെ കാണുന്നതെന്നും സ്വിസ് ബാങ്കുകളിലെ നിക്ഷേപം സ്വിറ്റ്സര്‍ലണ്ട് ആസ്ഥാനമാകണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ വര്‍ധന
സ്വിസ് ദേശീയ ബാങ്കിന്‍റെ വാര്‍ഷിക കണക്ക് പ്രകാരം 2020ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2020ല്‍ 20,700 കോടിയിലധികം രൂപയാണ് വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരില്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത്. 13 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്നതും 2019ലേക്കാള്‍ 183 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.
ബോണ്ടുകള്‍, സെക്യൂരിറ്റികള്‍ മുതലായവയിലൂടെയുള്ള നിക്ഷേപങ്ങളിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഇത് 2,043 കോടിയില്‍ നിന്ന് 13,500 കോടിയോളമായി വര്‍ധിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കള്ളപ്പണ നികുതി നിയമത്തിന്‍റെ കീഴില്‍ 107ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Also read: സ്വിസ് ബാങ്കുകളിലെ നിക്ഷേപം : റിപ്പോര്‍ട്ടുകള്‍ തള്ളി ധനകാര്യ മന്ത്രാലയം