ന്യൂഡൽഹി: കൊവാക്സിൻ നിർമ്മാണത്തിന് പശുക്കിടാവിന്‍റെ സ്രവം ഉപയോഗിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്രവും ഭാരത് ഭയോടെക്കും രംഗത്തെത്തി. ഭാരത് ബയോടെക്ക് തദ്ദേശിയമായി നിർമ്മിക്കുന്ന കൊവിഡ് വാക്സിനായ കൊവാക്സിനിൽ പശുക്കിടാവിന്‍റെ സ്രവം ഉപയോഗിക്കുന്നുവെന്ന തരത്തിൽ വ്യാപക വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എന്നാൽ വാർത്ത വസ്തുതപരമാണെന്ന് കേന്ദ്രവും ഭാരത് ഭയോടെക്കും അറിയിച്ചു.
"തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനിൽ പശുക്കിടാവിന്‍റെ സ്രവം അടങ്ങിയിരിക്കുന്നതായി സമൂഹമാധ്യമങ്ങൾ നിരവധി വാർത്തകൾ വരുന്നുണ്ട്. വസ്തുതകൾ വളച്ചൊടിക്കുകയും തെറ്റായി ചിത്രീകരിക്കുകയും ചെയ്യുകയാണ് ഇത്തരം വാർത്തകളുടെ ലക്ഷ്യം", കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
സ്രവം ഉപയോഗിക്കുമോ?
"വാക്സിൻ നിർമ്മിക്കുന്ന പ്രക്രിയയിൽ സ്രവം ഉപയോഗിച്ചിരുന്നു. എന്നാൽ വിപണിയിൽ എത്തിയ വാക്സിനിൽ സ്രവത്തിന്‍റെ അംശം ഇല്ല", ഭാരത് ബയോടെക്ക് അറിയിച്ചു.
"വാക്സിൻ നിർമ്മാണത്തിൽ വെറോ സെല്ലുകളുടെ വളർച്ചയ്ക്കും ഉത്പാദനത്തിനുമാണ് സാധാരണ മൃഗങ്ങളുടെ സ്രവം ഉപയോഗിക്കാറുള്ളത്. ഇത് ആഗോളതലത്തിൽ നടക്കുന്ന പ്രകിയയാണ്. ഈ ഘട്ടം കഴിഞ്ഞാൽ പിന്നെ വാക്സിൻ ഉത്പാദനത്തിൽ സ്രവം ഉപയോഗിക്കില്ല", ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also read: സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത് 27 കോടി കൊവിഡ് വാക്സിൻ ഡോസുകൾ
പോളിയോ, റാബിസ്, ഇൻഫ്ലുവൻസ വാക്‌സിനുകളിൽ പതിറ്റാണ്ടുകളായി ഈ വിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
വാക്സിൻ ഉത്പാദനത്തിലെ സെൽ ലൈനുകൾ ഉണ്ടാക്കിയെടുക്കാനാണ് വെറോ സെല്ലുകൾ നിർമ്മിക്കുന്നത്. വൈറസ് വളർച്ചയുടെ പ്രക്രിയയിൽ വെറോ സെല്ലുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടുന്നു. അതിനുശേഷം ഈ വളർന്ന വൈറസിനെയും നിർജീവമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. നിർജീവമാക്കപ്പെട്ട ഈ വൈറസാണ് അന്തിമ വാക്സിൻ നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്. ഇതോടെ അന്തിമ വാക്സിനിൽ മൃഗത്തിന്‍റെ സ്രവം പൂർണമായും ഇല്ലാതാകുന്നു.