ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്‍റെ ഭൂമി ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി അയോധ്യ എംപി ലല്ലു സിങ്. ട്രസ്റ്റിന്‍റെ ഭൂമി ഇടപാടുകൾ സുതാര്യമാണെന്നും ക്ഷേത്ര നിർമാണത്തിൽ തടസങ്ങൾ സൃഷ്‌ടിച്ചുകൊണ്ട് പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ സമഗ്രതയും ആദരവും സ്വയം നഷ്‌ടപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്‍റ ആവശ്യം തള്ളിയ എംപി ഭൂമി ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ഒരു രാഷ്‌ട്രീയ പകപോക്കൽ മാത്രമാണെന്നും കൂട്ടിച്ചേർത്തു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തങ്ങൾക്കെതിരെ ആരോപണങ്ങളില്ലാത്തതിനാലാണ് അടിസ്ഥാനരഹിതമായ ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ വായനയ്‌ക്ക്: രാമജന്മഭൂമി ട്രസ്റ്റിലെ അഴിമതിക്കാരെ നീക്കണം; നിർവാണി അനി അഖാര മഹന്ത്
ഭൂമി ഇടപാടിൽ രാമക്ഷേത്ര ട്രസ്റ്റ് അഴിമതി നടത്തിയെന്ന് ആരോപിച്ച സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവ് തേജ് നാരായൺ പാണ്ഡെ ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഞായറാഴ്‌ച ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലല്ലു സിങ് പ്രതികരണവുമായെത്തിയത്.
അതേസമയം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ മാനനഷ്‌ടക്കേസ് നൽകുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) ഇന്‍റർനാഷണൽ വർക്കിങ് പ്രസിഡന്‍റ് അലോക് കുമാർ പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: രാമജന്‍മ ഭൂമി ട്രസ്റ്റ് അഴിമതി : സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രിയങ്ക