ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൽ കോൺഗ്രസിനെതിരെ വിമർശനം ഉയരുന്നതിന് പിന്നാലെ പാർട്ടിയെ പിന്തുണച്ച് സൽമാൻ ഖുർഷിദ്. പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയില്ലെന്നും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സമഗ്ര പിന്തുണയുണ്ടെന്നും മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാർ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടിവന്നതിനെത്തുടർന്ന് പാർട്ടിക്കുള്ളിൽ പ്രശ്‌നം ഉടലെടുത്തിരിക്കവെയാണ് സൽമാൻ ഖുർഷിദിഴൻ്റെ പ്രസ്‌താവന.
കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരസ്യമായി ചർച്ചചെയ്യുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിലും സമീപകാല ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിൻ്റെ മോശം പ്രകടനത്തെക്കുറിച്ച് കബിൽ സിബലും മുതിർന്ന നേതാവ് പി. ചിദംബരവും നേതൃത്വത്തെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് നേതാവിൻ്റെ പരാമർശം. താഴെത്തട്ടിൽ കോൺഗ്രസിന് സംഘടന സംവിധാനമില്ലെന്നാണ് പി. ചിദംബരം ആരോപിച്ചത്. ആവശ്യത്തിലധികം സീറ്റിൽ കോൺഗ്രസ് ബിഹാറിൽ മത്സരിച്ചു. എന്നാൽ നേട്ടമുണ്ടാക്കാനായില്ല. കൊവിഡ് വ്യാപനം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയൊന്നും പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചില്ലെന്നും ചിദംബരം ആരോപിച്ചിരുന്നു.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് പാർട്ടിയെ നയിക്കുന്നത്. അവർ പ്രതീകങ്ങളാണെന്നും പാർട്ടിയെ നയിക്കുന്നില്ലെന്നുമാണ് കരുതുന്നതെങ്കിൽ അത്തരക്കാരെ തൃപ്‌തിപ്പെടുത്താൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുന്ന പാർട്ടിയാണെന്ന ആരോപണവും അദ്ദേഹം തള്ളി. വിമര്‍ശകര്‍ തങ്ങളുടെ തന്നെ കുറവുകളിലേക്ക് നോക്കണമെന്നും അധികാരത്തില്‍ തിരിച്ചെത്താന്‍ കുറുക്കുവഴി നോക്കുകയല്ല, ദീര്‍ഘമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ബിഹാറിലെ ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ കപില്‍ സിബലിൻ്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിൻ്റെ പരാമർശം. ബിഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു.