മുംബൈ : മഹാ വികാസ് അഘാഡിയുടെ (എംവിഎ) നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സർക്കാരില്‍ ആഭ്യന്തര കലഹം നിലനിൽക്കുന്നുവെന്ന ആരോപണം തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് വികസന പ്രവർത്തനങ്ങളിലൂടെ തക്ക മറുപടിയാണ് നൽകുന്നത്. ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് മഹാരാഷ്‌ട്രയാണെന്ന കാര്യം അപവാദം പരത്തുന്നവർ ഓർക്കണമെന്നും താക്കറെ പറഞ്ഞു.
സെൻട്രൽ മുംബൈയിലെ വഡാലയിൽ ജിഎസ്‌ടി ഭവൻ കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജിഎസ്‌ടി ഭവൻ നിർമാണ പദ്ധതി വേഗത്തിലാക്കിയതിന് ഉപമുഖ്യമന്ത്രി അജിത് പവാറിനെ പ്രശംസിച്ച താക്കറെ, എംവിഎ സർക്കാരും പവാറും ഭൂമി ഏറ്റെടുക്കലിനായുള്ള നടപടികൾ വേഗത്തിലാക്കിയെന്നും കൃത്യസമയത്ത് തന്നെ കെട്ടിടനിർമാണം ആരംഭിക്കുന്നതിന് അനുമതി നൽകിയെന്നും പറഞ്ഞു.
ALSO READ:ക്രിസ്ത്യൻ പ്രാര്‍ഥനയ്ക്ക് രാമക്ഷേത്രം: ബിജെപിയുടെ വാദം തള്ളി പൊലീസ്
എംവിഎ സർക്കാരില്‍ ആഭ്യന്തര പ്രശ്‌നങ്ങളൊന്നുമില്ല. മഹാ വികാസ് അഘാഡി എന്നും നിലയുറപ്പിച്ചുനിന്നുകൊണ്ട് സംസ്ഥാനത്തിന്‍റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീലിലും അദ്ദേഹത്തിന്‍റെ വകുപ്പുതല പ്രവർത്തനങ്ങളിലും തനിക്ക് അസ്വസ്ഥതയുണ്ടെന്ന റിപ്പോർട്ടുകൾ വെള്ളിയാഴ്‌ച താക്കറെ നിഷേധിച്ചിരുന്നു.
ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ സംസ്ഥാനത്തെ ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ ഗൂഢാലോചന നടത്തുന്നുവെന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ആരോപണത്തിന് നിയമസഭയിൽ വാൽസെ പട്ടീൽ നൽകിയ മറുപടിയിൽ താക്കറെ തൃപ്‌തനല്ലെന്ന ഊഹാപോഹങ്ങൾ നിലനിൽക്കെയാണ് മറുപടി.