പട്‌ന: ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുഷീല്‍ മോദി. വോട്ടെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമായതാണെന്നും ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ചിലർ കൂടുതൽ തവണ വിജയിക്കുകയും ചിലർ കുറച്ച് സീറ്റുകൾ നേടുകയും ചെയ്യും. എന്നാൽ എല്ലാവരും തുല്യരാണെന്നും അതിനാൽ ജനങ്ങൾ എൻഡിഎക്ക് വോട്ട് ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽജെപി മേധാവി ചിരാഗ് പാസ്വാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തനിക്ക് സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് മാത്രമാണ് പറയാൻ സാധിക്കുകയെന്നും കേന്ദ്ര സർക്കാർ പ്രതിനിധികൾക്ക് മാത്രമെ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ബിഹാർ എൻഡിഎയുടെ ഭാഗമല്ലെന്നും സുഷീല്‍ പറഞ്ഞു. ബിഹാറിലെ 243 മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ എന്‍.ഡി.എ 125 സീറ്റ് നേടി. 74 സീറ്റ് ബിജെ.പിയും 43 സീറ്റ് ജെഡിയുവും നേടി. നിതീഷ് കുമാറിനോട് ബിഹാർ വിട്ട് കേന്ദ്രത്തിലേക്ക് പോകാൻ പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങിനെതിരെയും സുഷീല്‍ മോദി പ്രതികരിച്ചു. പരാജയപ്പെട്ട പാർട്ടി നേതാവാണ് നിതീഷ് കുമാറിനെ ഉപദേശിക്കുന്നതെന്നും ബിഹാറിൽ ദിഗ്‌വിജയ സിങിനെ ആർക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.